ബിസിസിഐക്കെതിരെ ശ്രീശാന്ത് വീണ്ടും കോടതിയില്‍

By Web DeskFirst Published Aug 18, 2017, 7:06 PM IST
Highlights

കൊച്ചി: ബിസിസിഐക്കെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആജീവനാന്ത വിലക്ക് നീക്കിയിട്ടും ദേശീയ-രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാൻ ബിസിസിഐ അനുമതി നൽകുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ കോടതി ഇടപെട്ട് ഹർജിയിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.
 
വിലക്ക് നീക്കിയ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്കോടിഷ് ലീഗിൽ കളിക്കാൻ ബിസിസിഐയോട് അനുമതി തേടിയെങ്കിലും  മറുപടി കിട്ടിയില്ലെന്ന് ഹർജിയിലുണ്ട്. ബിസിസിഐയുടെ എന്‍ഒസി ലഭിച്ചാല്‍ മാത്രമെ ശ്രീശാന്തിന് സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ കഴിയൂ. ശ്രീശാന്തിന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഐപിഎല്‍ ഒത്തുകളി ആരോപണത്തെത്തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോടതി കുറ്റ വിമുക്തനാക്കിയ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി വിലക്ക് നീക്കി. എന്നിട്ടും ശ്രീശാന്തിന് കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയില്ല. ഇതിനിടെ ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ അപ്പീല്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

click me!