
കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടി പിന്‍വലിച്ചില്ലെങ്കില്‍ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുന്നകാര്യം ഗൗരവമായി ആലോചിക്കുമെന്ന് ശ്രീശാന്ത്. കോടതി കുറ്റവിമുക്തനാക്കിയ തനിക്കെതിരെ ബി.സി.സി.ഐ എങ്ങനെയാണ് വിലക്കേര്‍പ്പെടുത്തുകയെന്നും ഇതിനെതിരെ ബി.സി.സി.ഐയുടെ താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി.
പത്ത് ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും. ബുധനാഴ്ച വൈകിട്ടാണ് തന്നെ വിലക്കിക്കൊണ്ടുള്ള ബിസിസിഐ ഉത്തരവിന്റെ പകര്‍പ്പ് കെസിഎ സെക്രട്ടറി അയച്ചുതന്നത്. ബിസിസിഐ അച്ചടക്കസമിതിയുടെ ഉത്തരവിന്റെ പകര്‍പ്പാണ് ലഭിച്ചത്. എന്നാല്‍ അച്ചടക്കസമിതി എന്നെ വിലക്കിയത് ദില്ലിയിലെ വിചാരണ കോടതി കുറ്റവിമുക്തനാക്കുന്നതിന് മുമ്പാണ്. അതുകൊണ്ടുതന്നെ കോടതി കുറ്റവിമുക്തനാക്കിയശേഷം എങ്ങനെയാണ് വിലക്ക് നിലനില്‍ക്കുക എന്നത് തനിക്കറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
രവി സവാനി അധ്യക്ഷനായ ബിസിസിഐയുടെ അച്ചടക്കസമിതിയാണ് എന്നെ വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ദില്ലി പോലീസിന്റെ കുറ്റപത്രം രവി സവാനി സമിതി അതുപോലെ പകര്‍ത്തുകയായിരുന്നു ചെയ്തത്. പിന്നീട് എനിക്കെതിരെ തെളിവില്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടും വിലക്ക് പിന്‍വലിക്കാത്തതെന്തുകൊണ്ടാണെന്ന് അറിയില്ല. തന്റെ അവകാശങ്ങള്‍ മാത്രമാണ് താന്‍ ചോദിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.
ശ്രീശാന്തിനെ വിലക്കി കൊണ്ട് ബിസിസിഐ അയച്ച കത്ത് ശ്രീശാന്തിന് കൈമാറിയതായി കെസിഎ വ്യക്തമാക്കിയിരുന്നു. വിലക്ക് അറിയിച്ചുകൊണ്ടുളള കത്ത് നാലു വര്‍ഷം മുമ്പ് നല്‍കിയിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചതായും കെസിഎ വ്യക്തമാക്കി. ബിസിസിഐയുടെ കത്ത് കെസിഎ ശ്രീശാന്തിന് കൈമാറിയിട്ടുണ്ട്.
എറണാകുളം ക്രിക്കറ്റ് ക്ലബിനു വേണ്ടി അടുത്തയാഴ്ച നടക്കുന്ന ലീഗ് മാച്ചില്‍ കളിക്കാൻ ശ്രീശാന്ത് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് വിലക്ക് സ്ഥിരീകരിച്ച് ബിസിസിഐ കെസിഎയ്ക്ക് കത്തയച്ചിരിക്കുന്നത്.നാലു വര്‍ഷമായിട്ടും വിലക്കുണ്ടെന്ന് അറിയിച്ചുളള ഒരു കത്തും ബിസിസിഐയില്‍ നിന്ന് കിട്ടിയില്ലെന്ന നിലപാടിലായരുന്നു ശ്രീശാന്ത്.എന്നാല്‍ 2013 ഒക്ടോബര്‍ 7ന് ശ്രീശാന്തിന് കത്തയച്ചിട്ടുണ്ടെന്നാണ് ബിസിസിഐയുടെ വിശദീകരണം.
കത്ത് ശ്രീശാന്ത് കൈപറ്റിയതായുളള രേഖകളും ബിസിസിഐ കെസിഎയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.ശ്രീശാന്തിന്റെ വിശദീരണം കൂടി കേട്ട ശേഷമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.ഇക്കാര്യം ബിസിസിഐ യോഗം ചേര്‍ന്ന് അംഗീകരിച്ചതാണെന്നും കെസിഎയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.ബിസിസിഐയില്‍ നിന്നുളള രേഖകളും കത്തും കെസിഎ ശ്രീശാന്തിന് അയച്ചു കൊടുത്തിട്ടുണ്ട്.
തിരിച്ചുവരവിനായി ബിസിസിഐ അധ്യക്ഷന് കത്തയക്കാൻ ബിസിസിഐ വൈസ് പ്രസിഡന്റ് ടി സി മാത്യു ദിവസങ്ങള്‍ക്കു മുമ്പ് ശ്രീശാന്തിന് നിര്‍ദേശം നല്‍കിയത് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.ഇതനുസരിച്ച് ശ്രീശാന്ത് ബിസിസിഐയ്ക്ക് കത്തയച്ച് കാത്തിരിക്കുമ്പോഴാണ് വിലക്കിനെ കുറിച്ചുളള ബിസിസിഐയുടെ സ്ഥിരീകരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!