ലങ്കന്‍ ബൗളര്‍ എറിഞ്ഞതില്‍ 40 ശതമാനവും നോ ബോള്‍; എന്നിട്ടും ഇന്ത്യന്‍ അമ്പയര്‍ കണ്ടില്ല

By Web TeamFirst Published Nov 25, 2018, 8:12 PM IST
Highlights

ശ്രീലങ്ക-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ലങ്കന്‍ ബൗളര്‍ ലക്ഷണ്‍ സണ്ഡകന്‍ എറിഞ്ഞ 40 ശതമാനം പന്തുകളും നോ ബോളുകളെന്ന് മത്സരത്തിന്റെ ബ്രോഡ്കാസ്റ്റര്‍മാരായ സ്കൈ സ്പോര്‍ട്സ്. എന്നാല്‍ ഇതില്‍ ഒന്നുപോലും നോ ബോള്‍ വിളിച്ചില്ലെന്നതാണ് രസകരം.

കൊളംബോ: ശ്രീലങ്ക-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ലങ്കന്‍ ബൗളര്‍ ലക്ഷണ്‍ സണ്ഡകന്‍ എറിഞ്ഞ 40 ശതമാനം പന്തുകളും നോ ബോളുകളെന്ന് മത്സരത്തിന്റെ ബ്രോഡ്കാസ്റ്റര്‍മാരായ സ്കൈ സ്പോര്‍ട്സ്. എന്നാല്‍ ഇതില്‍ ഒന്നുപോലും നോ ബോള്‍ വിളിച്ചില്ലെന്നതാണ് രസകരം.

ഇതിനിടെ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ സണ്ഡകന്‍ രണ്ടു തവണ പുറത്താക്കിയെങ്കിലും രണ്ടു തവണയും നോ ബോളായിരുന്നു. ഇതും ഇന്ത്യന്‍ അമ്പയറായ സുന്ദരം രവി കണ്ടില്ല. റീപ്ലേകളിലാണ് സണ്ഡകന്‍ എറിഞ്ഞത് നോ ബോളാണെന്ന് വ്യക്തമായത്. രണ്ടു തവണയും ഔട്ടാവുന്നതില്‍ നിന്ന് രക്ഷപ്പെട്ട സ്റ്റോക്സ് പക്ഷെ 42 റണ്‍സെടുത്ത് ദില്‍റുവാന്‍ പെപേരരയുടെ പന്തില്‍ പുറത്തായി.

മത്സരത്തില്‍ രണ്ട് വിക്കറ്റെടുത്ത സണ്ഡകന്റെ രണ്ടാം വിക്കറ്റും നോ ബോളാണോ എന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍ റീ പ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി സണ്ഡകന് വിക്കറ്റ് നല്‍കി. സണ്ഡകന്റെ വ്യത്യസ്ത ബൗളിംഗ് ആക്ഷനാണ് നോബോള്‍ വിളിക്കുന്നതില്‍ അമ്പയര്‍മാര്‍ക്ക് തടസമാവുന്നതെന്നാണ് വിലയിരുത്തല്‍.

രണ്ടാം ഇന്നിംഗ്സില്‍ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 53/4 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 230 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ചു വിക്കറ്റെടുത്ത ധില്‍റുവാന്‍ പേരേരയും മൂന്ന് വിക്കറ്റെടുത്ത പുഷ്പകുമാരയുമാണ് ബൗളിംഗില്‍ ലങ്കക്കായി തിളങ്ങിയത്.

click me!