തോമസ് മാഷിന്റെ കുട്ടികള്‍ കായികമേളയ്ക്കെത്തുന്നത് ഇല്ലായ്മകളെ പൊരുതിത്തോല്‍പ്പിച്ച്

By Web DeskFirst Published Nov 29, 2016, 7:57 AM IST
Highlights

തൊടുപുഴ: പണക്കൊഴുപ്പിന്‍റെ കരുത്തുമായാണ് പല സ്കൂളുകളും സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്നത്. എന്നാൽ ദ്രോണാചാര്യ തോമസ് മാഷിന്റെ കുട്ടികൾ ഇത്തവണയും എത്തുന്നത് ഇല്ലായ്മകളെ പൊരുതിത്തോൽപ്പിച്ച്. അവധി ദിവസങ്ങളിൽ കപ്പയും വാഴയും നട്ടാണ് പരിശീലനത്തിനുള്ള ചെലവ് ഇടുക്കി വണ്ണപ്പുറം സ്കൂളിലെ കുട്ടികൾ കണ്ടെത്തിയത്.

ഇടുക്കി വണ്ണപ്പുറം എസ്എന്‍എം ഹൈസ്കൂളിലെ കായിക താരങ്ങളാണ് ഇവ‍ർ. കപ്പക്ക് പുറമെ വാഴയും പയറും ബീൻസുമെല്ലാം ഇവർ നട്ടിട്ടുണ്ട്. ഇതൊന്നും നേരംപോക്കിനായിരുന്നില്ല. ഇവർ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചായിരുന്നു പരിശീലന കാലയളവിൽ വിശപ്പകറ്റിയിരുന്നത്. കോരുത്തോട് സ്കൂളിനെ കായികഭൂപടത്തിലേക്ക് നയിച്ച തോമസ് മാഷാണ് വണ്ണപ്പുറത്തെ കുട്ടികളുടെ കരുത്ത്.

Latest Videos

ഭക്ഷണം ഉൾപ്പെടെയുള്ള ചെലവ് താങ്ങാൻ പറ്റാതെ വന്നതോടെയാണ് കുട്ടികൾ കൃഷിയിലേക്ക് തിരിഞ്ഞത്. ഇടുക്കി റവന്യൂ ജില്ലാ കായികമേളയിൽ ചാന്പ്യൻമാരായാണ് വണ്ണപ്പുറത്തുനിന്ന് 46 താരങ്ങൾ കോഴിക്കോട്ടേക്ക് വണ്ടി കയറുന്നത്. ശനിയും ഞായറുമാണ് കൃഷി. ഇതും കായികക്ഷമത നിലനിർത്താൻ സഹായിക്കുമെന്ന് തോമസ് മാഷ് പറയുന്നു. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ ഏഴാം സ്ഥാനക്കാരായിരുന്നു വണ്ണപ്പുറം സ്കൂൾ. കോതമംഗലത്തെയും പാലക്കാട്ടെയും സ്കൂളുകൾ ആധിപത്യം പുലർത്തുന്ന കായികമേളയിൽ ഇല്ലായ്മകളോട് പൊരുതി നേടുന്ന ജയം വലുതാണെന്നും തോമസ് മാഷ് പറയുന്നു.

click me!