സ്‌മിത്ത് മടങ്ങിയെത്തുന്നു; ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ മാര്‍ക്വീ താരം

By Web DeskFirst Published May 25, 2018, 11:01 AM IST
Highlights
  • പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുകയാണ് സ്‌മിത്ത്

സിഡ്‌നി: 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ 12 മാസത്തെ വിലക്ക് നേരിടുന്ന മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് കളിക്കളത്തില്‍ തിരിച്ചെത്തുന്നു. ഗ്ലോബല്‍ ടി20 കാനഡ ലീഗിന്‍റെ ഉദ്ഘാടന സീസണിലൂടെയാണ് സ്മിത്ത് മടങ്ങിയെത്തുന്നത്. ലീഗിനുള്ള 10 മാര്‍ക്വീ താരങ്ങളുടെ പട്ടികയില്‍ സ്മിത്ത് ഇടംപിടിച്ചു. സ്മിത്തിനെ കൂടാതെ ക്രിസ് ലിന്‍, ഷാഹിദ് അഫ്രിദി, ലസിത് മലിംഗ, ഡേവിഡ് മില്ലര്‍, ക്രിസ് ഗെയ്‌ല്‍, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഡ്വെയ്ന്‍ ബ്രാവോ, ഡാരന്‍ സമി എന്നിവരും മാര്‍ക്വീ താരങ്ങളായുണ്ട്.  

കേപ്‌ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടത്തിയ പന്ത് ചുരുണ്ടല്‍ വിവാദമായതോടെയാണ് നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസവും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ക്ലബുകള്‍ക്കായി കളിക്കാന്‍ മൂവര്‍ക്കും പിന്നീട് അനുമതി ലഭിച്ചിരുന്നു.

ആദ്യമായി അരങ്ങേറുന്ന ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. കരീബിയന്‍ ഓള്‍ സ്റ്റാര്‍സ്, ടൊറന്റൊ നാഷണല്‍സ്, മോണ്‍ ട്രിയല്‍ ടൈഗേഴ്സ്, ഒട്ടാവ റോയല്‍സ്, വാന്‍ കൂവര്‍ നൈറ്റ്സ്, വിന്നിപെഗ് ഹോക്സ് എന്നിവയാണ് ഈ ടീമുകള്‍. മെയ് അവസാന വാരം താരലേലം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1500ലധികം താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെയ് 28ന് ആരംഭിച്ച് ജൂലൈ 15 വരെയാണ് ഗ്ലോബല്‍ ടി20 കാനഡ ലീഗ് നടക്കുക.

click me!