വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലായിരുന്ന റിങ്കുവിന് പക്ഷെ ക്വാര്‍ട്ടറില്‍ മികവ് കാട്ടാനാവാഞ്ഞത് തിരിച്ചടിയായി.

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ തകര്‍ത്ത് സൗരാഷ്ട്ര സെമിയിലെത്തി. സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് ഓപ്പണര്‍ അഭിഷേക് ഗോസ്വാമിയുടെയും(88) സമീര്‍ റിസ്‌വിയുടെയും(88*) അര്‍ധസെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. ക്യാപ്റ്റൻ റിങ്കു സിംഗ്(13) നിരാശപ്പെടുത്തിയപ്പോള്‍ പ്രിയം ഗാര്‍ഗും(35) യുപിക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലായിരുന്ന റിങ്കുവിന് പക്ഷെ ക്വാര്‍ട്ടറില്‍ മികവ് കാട്ടാനാവാഞ്ഞത് തിരിച്ചടിയായി. വിജയ് ഹസാരെയിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 136 റണ്‍സ് ശരാശരിയിലും 145 പ്രഹരശേഷിയിലും റിങ്കു 406 റണ്‍സടിച്ചിരുന്നു. ഹൈദരാബാദിനെതിരെ 48 പന്തില്‍ 67, ചണ്ഡീഗഡിനെതിരെ 60 പന്തില്‍ 106*, ബറോഡക്കെതിരെ 67 പന്തില്‍ 63, ആസമിനെതിരെ 15 പന്തില്‍ 37*, ജമ്മു കശ്മീരിനെതിരെ 35 പന്തില്‍ 41, വിദര്‍ഭക്കെതിരെ 30 പന്തില്‍ 57, ബംഗാളിനെതിരെ 26 പന്തില്‍ 37* എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളിലെ റിങ്കുവിന്‍റെ പ്രകടനം. മിന്നും ഫോമിലായിരുന്ന ധ്രുവ് ജുറെല്‍ പരിക്കേറ്റ റിഷഭ് പന്തിന്‍റെ പകരക്കാരനായി ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നതും യുപിക്ക് വലിയ നഷ്ടമായി.

സൗരാഷ്ട്രക്കായി ചേതൻ സക്കരിയ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അനുകൂര്‍ പന്‍വാറും പ്രേരക് മങ്കാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തുനില്‍ക്കെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഹര്‍വിക് ദേശായിയുടെയും അര്‍ധസെഞ്ചുറി നേടിയ പ്രേരക് മങ്കാദിന്‍റെയും(67) ചിരാഗ് ജാനിയുടെയും(31 പന്തില്‍ 40*) മികവിലാണ് സൗരാഷ്ട്ര തിരിച്ചടിച്ചത്. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ വിജെഡി നിയമപ്രകാരം 17 റണ്‍സ് മുന്നിലായിരുന്നു സൗരാഷ്ട്ര. ഇതോടെയാണ് സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക