ബാഴ്‌സലോണയ്ക്ക് സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ കിരീടം

By gopala krishananFirst Published May 14, 2016, 11:56 AM IST
Highlights

ബാഴ്സലോണ: ഇ‍ഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണ കിരീടം നിലനിര്‍ത്തി. റയല്‍ മാഡ്രിഡിനെ ഒരു പോയിന്‍റിന് മറികടന്നാണ് ബാഴ്‌സയുടെ കിരീടനേട്ടം. നിര്‍ണായകമായ അവസാന മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗ്രനഡയെ തോല്‍പിച്ചു.

ബാഴ്‌സലോണ തന്നെ സ്‌പാനിഷ് ഫുട്ബോളിലെ രാജാക്കന്‍മാര്‍. സീസണിലെ അവസാന പോരിനിറങ്ങുമ്പോള്‍ ബാഴ്‌സയ്‌ക്ക് കിരീടം കൈയെത്തുംദൂരത്ത്. റയലിനാവട്ടെ ബാഴ്‌സ സമനിലയിലെങ്കിലും ആവുകയും ഡിപോര്‍ട്ടീവോയെ തോല്‍പിക്കുകയും വേണം. ആരാധകരുടെ മനംനിറച്ച് ലൂയിസ് സുവാരസ് ഹാട്രിക് തിളക്കത്തോടെ കളംനിറഞ്ഞപ്പോള്‍ ബാഴ്‌സയ്‌ക്ക് ഇരുപത്തിനാലാം കിരീടം.

22, 38, 86 മിനിറ്റുകളിലാണ് സുവാരസ് ഗ്രനഡ വലയില്‍ പന്തെത്തിച്ചത്. നാല്‍പത് ഗോളുകളോടെ ടോപ് സ്കോറര്‍ പുരസ്കാരവും സുവാരസിന്. 2008ന് ശേഷം മെസ്സിയും റൊണാള്‍ഡോയുമല്ലാതെ മറ്റൊരു താരം ലലീഗയില്‍ ടോപ് സ്കോററാവുന്നതും ആദ്യം. ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ കീഴടക്കിയെങ്കിലും റയലിന് ഒരുപോയിന്‍റകലെ കിരീടനഷ്‌ടം. ബാഴ്‌സയ്‌ക്ക് 91 പോയിന്‍റ്. റയലിന് 90 പോയിന്‍റും.

click me!