
ദുബായ്: ഫുട്ബോള്‍ ലോകത്ത് വലിയ നേട്ടങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍ സാധിക്കാത്ത ടീമാണ് ഇന്ത്യ. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട തിരിച്ചടികള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ മിന്നും വിജയം നേടി ഭാവി ശോഭനമാണെന്ന് വിളിച്ച് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ടീം.
സുനില്‍ ഛേത്രിയുടെ തണലില്‍ ടീം വീണ്ടും ഉയരങ്ങള്‍ താണ്ടുമ്പോള്‍ ആരാധകരോട് ഒപ്പം നില്‍ക്കാനാണ് നായകന്‍ ഛേത്രി അഭ്യര്‍ഥിക്കുന്നത്. ഇന്ന് യുഎഇയുമായി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തിന് തയാറെടുക്കവേ ഛേത്രിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇത് ആദ്യമായല്ല സുനില്‍ ഛേത്രി ആരാധകരുടെ പിന്തുണ തേടി എത്തുന്നത്. നേരത്തെ, ഇന്ത്യ വേദിയൊരുക്കിയ ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിനിടെയും സമാന അഭ്യര്‍ഥനയുമായി ഇന്ത്യന്‍ നായകന് രംഗത്ത് എത്തേണ്ടി വന്നിരുന്നു. ഇന്ത്യന്‍ ടീമിനെ വിമർശിച്ചോളൂ, എന്നാല്‍ ദയവായി മത്സരങ്ങള്‍ കാണുക എന്നാണ് ആരാധകരോട് അന്ന് സുനില്‍ ഛേത്രി ആവശ്യപ്പെട്ടത്.
ചൈനീസ് തായ്പേയിക്കെതിരായ ഇന്ത്യയുടെ മത്സരം കാണാന്‍ വെറും 2,569 പേര്‍ മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. ഇതേത്തുടര്‍ന്നാണ് ഛേത്രി അഭ്യര്‍ഥനയുമായെത്തിയത്. ഇതിന് പിന്തുണയുമായി സച്ചിനും വിരാട് കോലിയടക്കമുള്ളവരും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!