
മുംബൈ: ഇന്‍റർ കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളിൽ ഫൈനലുറപ്പിച്ച ഇന്ത്യ ന്യുസീലൻഡിനെതിരെ ബൂട്ടുകെട്ടുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. കാല്‍പന്തുലോകത്തെ മിശിഹയെന്നും മാന്ത്രികനെന്നുമൊക്കെ വിശേഷണമുള്ള സാക്ഷാല്‍ ലിയോണല്‍ മെസിയെ ഗോള്‍വേട്ടയുടെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ഛേത്രി പിന്നിലാക്കുമോയെന്നറിയാനുള്ള ആകാംഷയിലാണ് ഏവരും.
കോണ്ടിനെന്‍റൽ കപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോള്‍ ഇതിനകം നേടിക്കഴിഞ്ഞ ഛേത്രിക്ക്ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ മൂന്ന് ഗോള്‍ കൂടി നേടിയാല്‍ മെസിയെ പിന്നിലാക്കി ആധുനികഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തും. മെസി 129 മത്സരങ്ങളില്‍ നിന്നാണ് 64 ഗോള്‍ നേടിയതെങ്കില്‍ ഛേത്രി 100 മത്സരങ്ങളില്‍ നിന്നാണ് 61 ഗോളുകളിലേക്ക് കുതിച്ചെത്തിയത്. മത്സരങ്ങളുടെ എണ്ണത്തിലെ കുറവ് ഛേത്രിയ്ക്ക് ഗുണമാകും.
ഗോള്‍വേട്ടയുടെ കാര്യത്തില്‍ ഇനിയും വിരമിച്ചിട്ടില്ലാത്ത കളിക്കാരുടെ പട്ടികയില്‍ ലോകഫുട്ബോളില്‍ മെസിയും ക്രിസ്റ്റ്യാനോയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 25-ാം സ്ഥാനത്താണ് ഛേത്രി.
ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിലെ ആദ്യ മത്സരത്തില്‍ ചൈനീസ് തായ്പേയിക്കെതിരെ ഹാട്രിക്ക് നേടിയ ഛേത്രി കെനിയക്കെതിരെ ഇരട്ടഗോളുകള്‍ നേടിയതോടെ ദേശീയ ടീമിനായുള്ള ഗോള്‍ നേട്ടം 61 ആയി. ക്രിസ്റ്റ്യാനോ 81 ഉം മെസി 64 ഉം ഗോളുകളാണ് ദേശീയ ടീമിനായി നേടിയിട്ടുള്ളത്. കൂടുതല്‍ ഗോള്‍നേടിയവരുടെ കാര്യത്തില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്.
ഇറാന്‍റെ ഇതിഹാസ താരം അലി ദേയിയാണ് ലോകത്തെ മികച്ച ഗോള്‍വേട്ടക്കാരന്‍. 109 തവണയാണ് അലി വലകുലുക്കിയിട്ടുള്ളത്. ഹംഗറിയ്ക്കും സ്പെയിനിനും വേണ്ടി കളിച്ചിട്ടുള്ള പുഷ്കാസാണ് 84 ഗോളുകളുമായി രണ്ടാം സ്ഥാനത്ത്. 77 ഗോള്‍ നേടിയിട്ടുള്ള പെലെ ഏഴാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!