
ആർക്കും തൊടാൻ പോലും സാധിക്കാത്തൊരു ട്വന്റി 20 ലോകകപ്പ് റെക്കോർഡ്. അതും പ്രഥമ ടൂർണമെന്റില്‍ കുറിച്ചത്. ഒൻപത് എഡിഷൻ കഴിഞ്ഞെന്ന് ഓർക്കണം. ഇതുവരെ അത് തിരുത്താൻ ഒരു ടീമിനും ആയിട്ടില്ല. ട്വന്റി 20ക്ക് അതിവേഗം കൈവരിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ പോലും.
ട്വന്റി 20യില്‍ 250 റണ്‍സ് സ്കോർ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ ഒരു കേക്ക് വാക്കായി മാറിക്കഴിഞ്ഞില്ലെ ഇപ്പോള്‍. പക്ഷേ, 2007 ട്വന്റി 20 ലോകകപ്പില്‍ അങ്ങനൊന്ന് നടന്നിട്ടുണ്ട്, പിന്നീടൊട്ടു നടന്നിട്ടുമില്ല.
ഓസ്ട്രേലിയയോ ഇന്ത്യയോ വെസ്റ്റ് ഇൻഡീസോ ഒന്നുമല്ല. ആ അത്ഭുതം സൃഷ്ടിച്ചത് ശ്രീലങ്കയാണ്. അതും ഒരു സെഞ്ചുറി പോലുമില്ലാതെ 260 റണ്‍സായിരുന്നു ശ്രീലങ്ക സ്കോര്‍ ചെയ്തത്. താരതമ്യേന ദുർബല സംഘമായ കെനിയയായിരുന്നു അന്ന് ലങ്കയുടെ കൂറ്റനടികള്‍ മറുവശത്ത് സ്വീകരിച്ചത്.
44 പന്തില്‍ 88 റണ്‍സെടുത്ത സനത് ജയസൂര്യയായിരുന്നു ലങ്കയുടെ ടോപ് സ്കോറര്‍. 27 പന്തില്‍ 65 റണ്‍സുമായി മഹേല ജയവര്‍ധനെ, 18 പന്തില്‍ 30 റണ്‍സുമായി സംഗക്കാരയും 13 പന്തില്‍ 46 റണ്‍സുമായി ജഹാൻ മുബാറക്കും മികച്ച പിന്തുണ ജയസൂര്യക്ക് നല്‍കി. മുബാറക്കിന്റെ ഫിനിഷിങ്ങാണ് ലങ്കൻ സ്കോർ 250 കടക്കാൻ കാരണമായതും. എന്തൊരു അടിയായിരുന്നുവെന്ന് ഓർത്തുപോയ മത്സരം.
മറുപടി ബാറ്റിങ്ങില്‍ കെനിയ തകര്‍ന്നടിയുകയായിരുന്നു. അന്ന് കേവലം 88 റണ്‍സിനാണ് കെനിയയുടെ ഇന്നിങ്സ് അവസാനിച്ചത്. ലങ്കയ്ക്ക് 172 റണ്‍സിന്റെ കൂറ്റൻ ജയവും നേടാനായി. റണ്‍സിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം. 2026 ട്വന്റി 20 ലോകകപ്പില്‍ ഈ റെക്കോര്‍ഡ് തിരുത്തുമോയെന്നാണ് ആകാംഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!