
ടി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ ഡബിള്‍ സൂപ്പർ ഓവർ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അതിലും ത്രസിപ്പിച്ച ഒരു സൂപ്പർ ഓവറുണ്ടായിട്ടുണ്ട് അന്താരാഷ്ട്ര ടി20 ചരിത്രത്തില്‍. ട്രിപ്പിള്‍ സൂപ്പർ ഓവർ. ഒരുപാട് വർഷങ്ങള്‍ പിന്നോട്ട് പോകേണ്ടതില്ല ആ മത്സരത്തെ ഓർത്തെടുക്കാൻ.
2025 ജൂണില്‍ നടന്ന നേപ്പാള്‍ - നെതർലൻഡ്‌സ് പോരാണ് മൂന്ന് സൂപ്പര്‍ ഓവര്‍ വരെ നീണ്ടത്. സ്കോട്ട്‌ലൻഡ് കൂടിയുള്‍പ്പെട്ട ട്രൈ സീരീസിലായിരുന്നു ഈ അപൂര്‍വത.
ഗ്ലാസ്‌ഗൊ ആതിഥേയം വഹിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് നെതര്‍ലൻഡ്‌സായിരുന്നു. 153 റണ്‍സായിരുന്നു ഡച്ചുപട ഉയർത്തിയ വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന്റെ അസാധാരണ പോരാട്ടമായിരുന്നു കണ്ടത്. അവസാന രണ്ട് ഓവറില്‍ 30 റണ്‍സ് അടിച്ചെടുത്തായിരുന്നു അവർ 152 എന്ന സ്കോറിനൊപ്പം എത്തിയത്.
ആദ്യ സൂപ്പര്‍ ഓവറില്‍ നേപ്പാള്‍ 19 റണ്‍സാണ് സ്കോർ ചെയ്തത്. നെതര്‍ലൻഡ്‌സ് അവസാന രണ്ട് പന്തില്‍ ഫോറും സിക്സും നേടി മത്സരത്തെ അടുത്ത സൂപ്പര്‍ ഓവറിലേക്ക് നയിക്കുകയായിരുന്നു.
ആവേശം നിറഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ നേപ്പാള്‍ ഉയര്‍ത്തിയ ലക്ഷ്യം 18 റണ്‍സ്. രണ്ട് സിക്സായിരുന്നു നെതർലൻഡ്‌സ് ബാറ്റർമാര്‍ നേടിയത്. എന്നാല്‍, ദീപേന്ദ്ര സിങ് നേപ്പാളിന്റെ വിജയമോഹങ്ങളെ തല്ലിക്കെടുത്തുകയായിരുന്നു. അവസാന പന്തില്‍ സിക്‌സടിച്ചാണ് ദീപേന്ദ്ര മൂന്നാം സൂപ്പർ ഓവറിന് കളമൊരുക്കിയത്.
എന്നാല്‍ മൂന്നാം വട്ടം നേപ്പാളിന് അടിമുടി പിഴയ്ക്കുകയായിരുന്നു. നേപ്പാളിന് റണ്ണൊന്നുമെടുക്കാൻ കഴിഞ്ഞില്ല, ഒടുവില്‍ നെതര്‍ലൻഡ്‌സിന് ജയം.
മൂന്ന് തവണയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡബിള്‍ സൂപ്പർ ഓവർ സംഭവിച്ചത്. രണ്ട് തവണയും അഫ്ഗാനിസ്ഥാനായിരുന്നു ഒരു വശത്ത്. ആദ്യം ഇന്ത്യയോട് പരാജയം, ഇപ്പോള്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!