കഴിഞ്ഞ അഞ്ച് സീസണുകളായി കിരീടം നേടാത്തതിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങളെ മുംബൈ ഇന്ത്യന്‍സ് ഹെഡ് കോച്ച് മഹേല ജയവര്‍ധനെ തള്ളി. ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബൈയെന്നും, കിരീടം നേടാത്ത മറ്റു ടീമുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുംബൈ: കഴിഞ്ഞ അഞ്ച് സീസണുകളായി കിരീടം നേടാന്‍ കഴിയാത്തതിനെ ചൊല്ലി മുംബൈ ഇന്ത്യന്‍സിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ തള്ളി ഹെഡ് കോച്ച് മഹേല ജയവര്‍ധനെ. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇപ്പോഴും ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണെന്നും ഒരു കിരീട വരള്‍ച്ച കൊണ്ട് ടീമിന്റെ ചരിത്രത്തെ മായ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ജയവര്‍ധനെ മനസ് തുറന്നത്.
10 ടീമുകള്‍ മത്സരിക്കുമ്പോള്‍ ഐപിഎല്‍ കൂടുതല്‍ കടുപ്പമേറിയതാകുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ രണ്ട് തവണ പ്ലേഓഫിലെത്തി. അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ടൂര്‍ണമെന്റില്‍ ഓരോ മത്സരത്തെയും ഗൗരവമായി കാണുകയും പ്രോസസ്സില്‍ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ചില ടീമുകള്‍ ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ല എന്നതും നമ്മള്‍ ഓര്‍ക്കണം. ഞങ്ങള്‍ ഞങ്ങളുടെ രീതികളില്‍ വിശ്വസിക്കുന്നു, അത് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല.'' ജയവര്‍ധനെ പറഞ്ഞു.
2024-ല്‍ രോഹിത് ശര്‍മ്മയില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയിലേക്ക് ക്യാപ്റ്റന്‍സി മാറിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ 2026 സീസണില്‍ കൂടുതല്‍ കരുത്തോടെയാണ് മുംബൈ എത്തിയിരിക്കുന്നത്. 13 വര്‍ഷത്തിനിടെ ആദ്യമായി തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ വിജയിക്കാന്‍ മുംബൈയ്ക്ക് സാധിച്ചു. മാര്‍ച്ച് 29-ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ടാണ് മുംബൈ ഈ സീസണ്‍ തുടങ്ങിയത്. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിധ്യം മുംബൈയെ ഇത്തവണയും കിരീടസാധ്യതയുള്ള ടീമുകളുടെ മുന്‍നിരയില്‍ എത്തിക്കുന്നു.
സീസണിന്റെ തുടക്കത്തില്‍ തന്നെ 'കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി കിരീടം നേടിയില്ല' എന്ന ചിന്തയുമായി സമ്മര്‍ദ്ദത്തില്‍ കളിക്കാന്‍ ടീം ആഗ്രഹിക്കുന്നില്ലെന്ന് ജയവര്‍ധനെ വ്യക്തമാക്കി. ''മൈതാനത്തിനകത്തും പുറത്തും മികച്ച ടീമായി മാറാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ഓരോ താരത്തോടും ആവശ്യപ്പെടുന്നു. ശരിയായ രീതിയില്‍ മുന്നോട്ട് പോയാല്‍ ഫലം താനേ വന്നുകൊള്ളും.'' ജയവര്‍ധനെ പറഞ്ഞുനിര്‍ത്തി.

