ആഴ്‌സണലില്‍ വെംഗര്‍ യുഗം അവസാനിച്ചോ ?

By Web DeskFirst Published Feb 18, 2017, 5:25 AM IST
Highlights

ലണ്ടന്‍: ആഴ്‌സന്‍ വെംഗര്‍ യുഗം അവസാനിച്ചോ ?.ഫുട്ബോള്‍ ലോകത്ത് ഇപ്പോള്‍ ഏറ്റവും ചൂടേറിയ ചര്‍ച്ചകളിലൊന്ന് ഇതാണ്.അതിന് മറുപടിയുമായി സാക്ഷാല്‍ വെംഗര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. പരിശീലകനായി തുടരണമോ വേണ്ടയോ എന്നത് ഈ സീസണിനൊടുവില്‍ പറയാമെന്നാണ് വെംഗറുടെ പ്രതികരണം. താന്‍ പുറത്തുപോകണമോയെന്നത് ടീമിന്റെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ വെഗര്‍ താന്‍ പോയാലും ആഴ്സണല്‍ എല്ലാ മത്സരങ്ങളും ജയിക്കണമെന്നില്ലെന്നും വ്യക്തമാക്കി.

ആഴ്‌സന്‍ വെംഗര്‍. ഇംഗ്ലീഷ് ഫുട്ബോളിനെ നവീകരിച്ചയാള്‍ എന്നാണ് ഫുട്ബോള്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഈ ഫ്രഞ്ചുകാരനുള്ള വിശേഷണം.ആ വിശേഷണത്തില്‍ തെറ്റില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ ലോകത്തെ ഒന്നാം നമ്പര്‍ ലീഗാക്കി മാറ്റുന്നതില്‍ വെംഗര്‍വഹിച്ച പങ്ക് ചെറുതല്ല. 1996 ലാണ് വെംഗര്‍ ആഴ്‌സണല്‍ എഫ്,സിയുടെ പരിശീലകനായി ഇംഗ്ലണ്ടിലെത്തുന്നത്. മൂന്ന് പ്രീമിയര്‍ലീഗ് കിരീടങ്ങള്‍. ആറ് വീതം എഫ്.എ കപ്പും,കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങളും വെംഗര്‍ പീരങ്കിപ്പടയുടെ പാളയത്തിലെത്തിച്ചു.  മികച്ച പരിശീലകനുള്ള പുരസ്കാരം പലകുറി പ്രൊഫസറെന്ന വിളിപ്പേരുള്ള വെംഗറെത്തേടിയെത്തി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യുണൈറ്റഡിനും ചെല്‍സിക്കും ലിവര്‍പൂളിനുമൊക്കെ മാനേജര്‍മാര്‍ മാറി മാറി വന്നെങ്കിലും വെംഗറുടെ കസേരയ്‌ക്ക് ഇളക്കമുണ്ടായില്ല. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങനെയല്ല. കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ കൂറ്റന്‍ തോല്‍വി കാര്യങ്ങള്‍ തകിടം മറിച്ചു. പ്രീമിയര്‍ലീഗിലും ആഴ്‌സണലിന് തിരിച്ചടികളുടെ കാലമാണ്. വെംഗറെ മാറ്റാന്‍ സമയമായെന്നാണ് ഒരു കൂട്ടം ആരാധകരും ഫുട്ബോള്‍ പണ്ഡിതന്‍മാരും വാദിക്കുന്നത്.

ലീഗില്‍ കിരീട പ്രതീക്ഷ കൈവിട്ടതോടെ ചാംപ്യന്‍സ് ലീഗ് യോഗ്യതയും എഫ്.എ കപ്പ് കിരീടവുമാണ് വെംഗറുടെ ലക്ഷ്യം. ഇതു പൂര്‍ത്തിയാക്കിയാല്‍ ലോകഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച പരീശീലകരിലൊരാളായ വെംഗര്‍ കളമൊഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

click me!