ടെസ്റ്റില്‍ രോഹിത്തിനെക്കൊണ്ട് കൊഹ്‌ലി തോറ്റു !

By Web DeskFirst Published Sep 22, 2016, 12:50 PM IST
Highlights

കാണ്‍പൂര്‍: രോഹിത് ശര്‍മ്മ എന്ന് നന്നാകും ?. കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ പുറത്താകല്‍ കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും .മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പതിവ് കാൺപൂരിലും രോഹിത് ശര്‍മ്മ ആവര്‍ത്തിച്ചു. ഇതോടെ ടെസ്റ്റ് ടീമിൽ രോഹിത് ശര്‍മ്മയുടെ സ്ഥാനം പരുങ്ങലിലാകും.

കാണ്‍പൂരില്‍ അശ്വിനൊപ്പം ചെറുത്തുനിന്ന രോഹിത് മികച്ച ഷോട്ടുകളിലൂടെ നിലയുറപ്പിച്ചെന്ന തോന്നൽ ഉളവാക്കിയതാണ്.എന്നാല്‍ പതിവുപോലെ ക്ഷമ നശിച്ചു. നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റില്‍ ലോകത്തെ ഏറ്റവും അപകടപാകിയായ ബാറ്റ്സ്മാന്‍ ആയി വിലയിരുത്തപ്പെടുമ്പോഴും കഴിഞ്ഞ 11 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരിക്കല്‍ മാത്രമാണ് രോഹിത്തിന് അര്‍ധസെഞ്ചവറി തികയ്ക്കാനായത്.100 രാജ്യാന്തര സെഞ്ച്വറി നേടാന്‍ കഴിവുള്ള താരമെന്ന് സച്ചിന്‍ വിഷേശിപ്പിച്ച രോഹിത് ശര്‍മ്മ ഇനിയെങ്കിലും ഉത്തരവാദിത്തം കാട്ടുമെന്ന് പ്രതീക്ഷിക്കാം.

ഏകദിന ക്രിക്കറ്റിലും സമാനമായിരുന്നു രോഹിത്തിന്റെ തുടക്കം. ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ രോഹിത്തിന്റെ ഏകദിന ശരാശരി വെറും 20 മാത്രമായിരുന്നു. പിന്നീട് ഏകദിന ക്രിക്കറ്റില്‍ രണ്ട് ഡബിള്‍ സെഞ്ചുറി നേടുന്ന താരമെന്ന നിലയിലേക്ക് രോഹിത് വളര്‍ന്നു. ഇതിന് നേര്‍ വിപരീതമായിരുന്നു ടെസ്റ്റില്‍. ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറിയോടെയായിരുന്നു രോഹിത്തിന്റെ തുടക്കം. വെസ്റ്റിന്‍ഡീസിനെതിരെ 177 റണ്‍സോടെ ടെസ്റ്റ് കരിയര്‍ തുടങ്ങിയ തന്റെ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി.

എന്നാല്‍ അതിനുശേഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം സ്വിംഗ് ചെയ്യുന്ന പന്തുകളില്‍ രോഹിത്തിന്റെ ബലഹീനത വ്യക്തമാക്കുന്നതായി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും തുടര്‍ന്നുവന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും പ്രതിഭയ്ക്കൊത്ത് ഉയരാന്‍ രോഹിത്തിനായില്ല. ഇംഗ്ലണ്ടിലും ടെസ്റ്റില്‍ ഇന്ത്യക്കായി ഇറങ്ങിയ രോഹിത്തിന് പക്ഷെ നിരാശ തന്നെയായിരുന്നു ഫലം. ഓസ്ട്രേലിയയില്‍ മൂന്ന് ടെസ്റ്റിലിറങ്ങിയെങ്കിലും ഓഫ് സ്റ്റമ്പിനു പുറത്തെ അലസമായ ബാറ്റിംഗ് അവിടെയും രോഹിത്തിനെ ചതിച്ചു.

ഇതുവരെ കളിച്ച 18 ടെസ്റ്റുകളില്‍ 32.62 മാത്രമാണ് രോഹിത്തിന്റെ ശരാശരി. വലിയൊരു ഇന്നിംഗ്സ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഏറെ സമ്മര്‍ദ്ദത്തിനിടയിലും ടെസ്റ്റ് ടീമില്‍ രോഹിത്തിനായി വാദിച്ച വിരാട് കൊഹ്‌ലിക്ക് പോലും ഇങ്ങനെ ബാറ്റ് ചെയ്യുന്ന രോഹിത്തിനെ അധികനാള്‍ സംരക്ഷിക്കാനാകില്ല.

click me!