കാല്‍പന്തിലാണ് ലഹരി, ഇതാ മിനി ബ്യൂണസ് അയേഴ്‌സ്! തൂത്തൂരിന്റെ ഫുട്ബോള്‍‌ വിപ്ലവം

Published : Jul 10, 2025, 04:39 PM ISTUpdated : Jul 10, 2025, 10:24 PM IST
Football Thoothoor

Synopsis

കന്യാകുമാരി ജില്ലയിലെ തൂത്തൂരെന്ന ഗ്രാമത്തിലെ സെന്റ് ജുഡ്‌സ് കോളേജിന്റെ കളിത്തട്ടില്‍ മെസിയും റൊമാരിയോയും സാബിയും ഒരുമിച്ച് പന്തുതട്ടി

'റൊമാരിയൊ', 'സാബി അലോൻസൊ', 'മെസി' - ഇവർ മൂന്ന് പേരും ഒരേ മൈതാനത്ത്, അതും ഇന്ത്യയുടെ തെക്കേ അറ്റത്ത് ഒരുമിച്ച് പന്തുതട്ടുന്നുവെന്ന് ചിന്തിക്കാൻ പറ്റുമോ നിങ്ങള്‍ക്ക്. കന്യാകുമാരി ജില്ലയിലെ തൂത്തൂരെന്ന ഗ്രാമത്തിലെ സെന്റ് ജുഡ്‌സ് കോളേജിന്റെ കളിത്തട്ടില്‍ അത്തരമൊരു കാഴ്ചയുണ്ടായിരുന്നു. ഇന്ത്യൻ ഫുട്ബോള്‍ താരം മൈക്കിള്‍ സൂസൈരാജിന്റെ സ്വന്തം നാട്ടില്‍. ജാക്ക് റൊമാരിയോ, സാബി അലൊൻസൊ, മെസി ആന്റൊ, ഇതുപോലെ ഒരുപാട് പേർ. ഈ പേരുകള്‍ പറയും തൂത്തൂരിന് ഫുട്ബോള്‍ എന്താണെന്ന്.

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന, ആവശ്യമായ സൗകര്യങ്ങളൊ സംവിധാനങ്ങളൊ ഇല്ലാതെ, എന്തിന് സ്വന്തമായി ബൂട്ടുപോലുമില്ലാത്ത കുരുന്നുകള്‍ തൂത്തൂരിലെ ചെറുമൈതാനങ്ങളില്‍ പന്തുതട്ടുന്നുണ്ട്. ലഹരിയുടെ പുറമെ പായുന്ന കൗമാരങ്ങള്‍ കഴുകന്മാരെ പോലെ വട്ടമിട്ട് പറക്കുമ്പോഴും ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി കുതിക്കുന്ന ഒരു പുതുതലമുറ. റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്‌സ് (ആർഎഫ്‌വൈസി) പ്രോഗ്രാമിലൂടെ വലിയ മൈതാനങ്ങളിലേക്കുള്ള ത്രൂ ബോള്‍ നല്‍കുകയാണ് അഞ്ച് വയസ് മുതല്‍ 13 വരെയുള്ള തൂത്തൂരിലെ കുട്ടികള്‍.

അണ്ടര്‍ 7, അണ്ടര്‍ 9, അണ്ടര്‍ 11, അണ്ട‍ര്‍ 13 എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 14 ടീമുകള്‍, 656 താരങ്ങള്‍.  656 ഫുട്ബോള്‍ താരങ്ങള്‍ എന്ന് പറയുമ്പോള്‍ തന്നെ തൂത്തൂര്‍ ഫുട്ബോളിന്റെ കലവറയാണെന്ന് തെളിയുന്നു. കോസ്റ്റല്‍ ലീഗിന്റെ ആദ്യ സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ അണ്ടര്‍ 7 വിഭാഗത്തിലുള്ള ഒരു താരം ശരാശരി കളിച്ചത് 524 മിനുറ്റുകളാണ്. 566 മിനുറ്റാണ് അണ്ടര്‍ 13ല്‍പ്പെടുന്ന താരങ്ങള്‍പ്പോലും കളിച്ചിട്ടുള്ളത്.

ഇന്ത്യൻ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ആവശ്യം അഞ്ചാം വയസ് മുതല്‍ നല്‍കേണ്ട ചിട്ടയായ പരിശീലനമാണെന്ന് ഇതിഹാസ പരിശീലകൻ ആഴ്സണ്‍ വെംഗര്‍ ഒരിക്കല്‍ പറഞ്ഞതായി എഐഎഫ്എഫ് തലവനായ കല്യാണ്‍ ചൗബെ വെളിപ്പെടുത്തിയിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ തൂത്തൂരില്‍ സംഭവിക്കുകയാണ്. തൂത്തൂരിന്റെ പരിധിയിലും സമീപത്തുമുള്ള വിവിധ ഗ്രാമങ്ങളിലെ കുട്ടികളായിരുന്നു ലീഗിന്റെ ഭാഗമായത്. തൂത്തൂരിലെ ചിന്നത്തുറൈ എന്ന പ്രദേശത്തെ സെന്റ് ജൂഡ്‌സ് ലൈബ്രറിയുടെ കീഴില്‍ തന്നെ രണ്ട് ഫുട്ബോള് അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നു.

ഫുട്ബോളിനെ ഒരു ആനന്ദമായി മാത്രമല്ല തൂത്തൂരിലെ കുട്ടികള്‍ കാണുന്നതെന്നും അവര്‍ അതിനെ ഒരു തൊഴിലിലേക്ക് എത്താനുള്ള മാര്‍ഗമായും കാണുന്നുണ്ടെന്ന് ചിന്നത്തുറൈ പള്ളി വികാരിയായ ജിബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''പ്രൊഫഷണലായുള്ള പരിശീലനത്തിന്റെ അഭാവം മൂലമാണ് ഒരുപാട് കഴിവുണ്ടായിട്ടും പ്രദേശത്തെ പല കുട്ടികള്‍ക്കും ഉയര്‍ന്നുവരാൻ കഴിയാതെ പോയത്. വിവിധ ഗ്രാമങ്ങളില്‍ നിലവില്‍ അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് ഉയരാനാകുന്നു. സംസ്ഥാന, ദേശിയ തലത്തിലേക്കൊക്കെ എത്തണമെങ്കില്‍ കൂടുതല്‍ അവസരം ലഭിക്കേണ്ടതുണ്ട്, നിലവില്‍ റിലയൻസിന് കീഴില്‍ നടത്തുന്ന ലീഗുകള്‍ പോലെ,'' ഫാ. ജിബു വ്യക്തമാക്കി.

''ലഹരിയുടെ ഉപയോഗം എല്ലാ പ്രദേശങ്ങളിലും വ്യാപിക്കുകയാണ്. യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റേയും മറ്റ് ലഹരിയുടേയും ഉപയോഗം ഇവിടെയും കാണാനുണ്ട്. അത്തരം ചിന്തകളില്‍ നിന്നെല്ലാം വ്യതിചലിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഫുട്ബോള്‍. പ്രത്യേകിച്ചും ജീവിതത്തില്‍ ഒരു ചിട്ടയൊക്കെ രൂപപ്പെടുത്തുന്നതില്‍. എല്ലാ കായിക ഇനങ്ങളും ഇതില്‍ സഹായിക്കുന്ന ഒന്നാണ്, ഇവിടെ ഫുട്ബോളിന് വേരോട്ടം കൂടുതല്‍ ആയതുകൊണ്ട് ആ വഴിയെന്ന് മാത്രം,'' ഫാ. ജിബു കൂട്ടിച്ചേര്‍ത്തു.

തൂത്തൂരിലെ കുട്ടികള്‍ക്ക് ഇത്തരമൊരു അവസരം ഒരുക്കുന്നതിന് പിന്നിലെ ലക്ഷ്യം ഒരു ഫുട്ബോള്‍ എക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനാണെന്ന് ആര്‍എഫ്‌വൈസി അണ്ടര്‍ 19 പരിശീലകനും ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഹൈദരാബാദ് എഫ് സിയുടെ മുൻ മാനേജരുമായ ഷമീല്‍ ചെമ്പകത്ത് ചൂണ്ടിക്കാണിച്ചു.

"നിരവധി കഴിവുറ്റ താരങ്ങളുള്ള പ്രദേശമാണിത്. പക്ഷേ, മതിയായ മത്സരപരിചയം ഇവിടെ ഇവർക്ക് ലഭിക്കുന്നില്ല. അത് നല്‍കുക എന്നതാണ് പ്രാഥമികമായ ലക്ഷ്യം. അഞ്ച് വയസുമുതലുള്ള കുട്ടികള്‍ കളിക്കുന്നു. അതിനൊടൊപ്പം തന്നെ ഫുട്ബോളിന് അനുകൂലമാകുന്ന ഒരു കാലാവസ്ഥ ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. കളിക്കാരെ മാത്രം കേന്ദ്രീകരിച്ചല്ല ഈ പ്രൊജക്റ്റ്. പരിശീലകർ, കുട്ടികളുടെ മാതാപിതാക്കള്‍, നാട് എല്ലാം ഉള്‍പ്പെടുന്നു. അത്തരമൊരു അന്തരീക്ഷം ഗ്രാമങ്ങളില്‍ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം," ഷമീല്‍ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ചില്‍ ലോഞ്ച് ചെയ്ത ടൂർണമെന്റ് ജൂലൈ ആറിനാണ് അവസാനിച്ചത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, പാറ്റ് കമിന്‍സും നഥാന്‍ ലിയോണും പുറത്ത്, സ്മിത്ത് വീണ്ടും നായകന്‍
അസാധാരണ നടപടിയുമായി ബിസിസിഐ, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ തോല്‍വിയില്‍ വിശദീകരണം തേടും