അതേസമയം പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നഥാന്‍ ലിയോണ് പരമ്പരയിലെ അവസാന ടെസ്റ്റിലും കളിക്കാനാകില്ലെന്നാണ് സൂചന.

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി ക്യാപ്റ്റൻ പാറ്റ് കമിന്‍സിന്‍റെയും സ്പിന്നര്‍ നഥാന്‍ ലിയോണിന്‍റെയും പരിക്ക്. മൂന്നാം ടെസ്റ്റില്‍ കളിച്ച ഇരുവരും 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിക്കില്ല. പകരക്കാരായി ജേ റിച്ചാര്‍ഡ്സണെയും സ്പിന്നര്‍ ടോഡ് മര്‍ഫിയെയും ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. അസുഖബാധിതനായതിനാല്‍ മൂന്നാം ടെസ്റ്റില്‍ നിന്നു വിട്ടുനിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നാലാം ടെസ്റ്റില്‍ കമിന്‍സിന് പകരം നായകനാവും. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച് ഓസ്ട്രേലിയ ആഷസ് കിരീടം നിലനിര്‍ത്തിയിരുന്നു.

പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളിലും കമിന്‍സ് കളിക്കാതിരുന്നുപ്പോള്‍ സ്മിത്തായിരുന്നു ഓസീസിനെ നയിച്ചിരുന്നത്. അതേസമയം പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നഥാന്‍ ലിയോണ് പരമ്പരയിലെ അവസാന ടെസ്റ്റിലും കളിക്കാനാകില്ലെന്നാണ് സൂചന. ലിയോണിന് പകരം ടീമിലെത്തുന്ന ടോഡ് മര്‍ഫി നാട്ടില്‍ ആദ്യ ടെസ്റ്റാണ് കളിക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച ഏഴ് ടെസ്റ്റും വിദേശത്തായിരുന്നു. നാലു വര്‍ഷത്തിനുശേഷമാണ് ജേ റിച്ചാര്‍ഡ്സണ്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. കമിന്‍സിന്‍റെ അഭാവത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്കോട് ബോളണ്ടും തന്നെയാവും ഓസീസ് പേസാക്രമണം നയിക്കുക. മറ്റൊരു പേസറായ ജോഷ് ഹേസല്‍വുഡിന് പരിക്കുമൂലം പരമ്പര പൂര്‍ണമായും നഷ്ടമായിരുന്നു.

ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ),സ്കോട്ട് ബോളണ്ട്,അലക്സ് ക്യാരി,ബ്രണ്ടൻ ഡോഗറ്റ്,കാമറൂൺ ഗ്രീൻ,ട്രാവിസ് ഹെഡ്,ജോഷ് ഇംഗ്ലിസ്,ഉസ്മാൻ ഖവാജ,മാർനസ് ലബുഷെയ്ൻ,ടോഡ് മർഫി, മൈക്കൽ നേസർ,ജൈ റിച്ചാർഡ്സൺ,മിച്ചൽ സ്റ്റാർക്ക്,ജേക്ക് വെതറാൾഡ്,ബ്യൂ വെബ്‌സ്റ്റർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക