ഇന്ത്യ-പാക് മത്സരത്തെ ഇന്‍റലിജന്‍സ് വിഭാഗങ്ങളും ഉറ്റുനോക്കുന്നു; ഡി കമ്പനിയുടെ അധോലോക നേതാക്കള്‍ എത്തുമോ?

By Web TeamFirst Published Sep 18, 2018, 11:48 AM IST
Highlights

മുംബെെയിലും കറാച്ചിയിലുള്ള ദാവൂദിന്‍റെ ബന്ധുക്കള്‍ ഇതിനകം മത്സരം കാണാന്‍ ദുബായില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ദുബായ്: ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന്. ഇരു രാജ്യങ്ങളും പരസ്പരം നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മൂലം പരമ്പരകള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ചിരവെെരികള്‍ തമ്മിലുള്ള പോരാട്ടം കാണാന്‍ സാധിക്കൂ.

അത് കൊണ്ട് ഇന്ത്യക്കാര്‍ ഏറെയുള്ള യുഎഇയില്‍ നടക്കുന്ന ഈ പോരിന് സ്റ്റേഡിയം നിറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ, ഇന്ത്യ-പാക് പോരാട്ടത്തെ ലോക മാധ്യമങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയാക്കുന്നത് മറ്റൊരു റിപ്പോര്‍ട്ട് കൂടെ ചേര്‍ത്താണ്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് പേര്‍ മത്സരം കാണാന്‍ എത്തുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

മുംബെെയിലും കറാച്ചിയിലുള്ള ദാവൂദിന്‍റെ ബന്ധുക്കള്‍ ഇതിനകം മത്സരം കാണാന്‍ ദുബായില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആറ് രാജ്യങ്ങളിലെ ഇന്‍റലിജന്‍സ് ഏജന്‍സികളാണ് മത്സരത്തെ ശ്രദ്ധയോടെ വീക്ഷിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്‍റെ പാക്കിസ്ഥാനിലെ ഒളിസങ്കേതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം കരുതുന്നത്.

ദാവൂദ് ഇബ്രാഹിമിന് ഇന്ത്യ-പാക് മത്സരത്തോടുള്ള പ്രീയം നേരത്തെ പ്രസിദ്ധമാണ്. പക്ഷേ മത്സരത്തോട് അനുബന്ധിച്ചുള്ള വാതുവയ്പ്പില്‍ കോടികളാണ് മറിയാറുള്ളത്. ഇന്ത്യയെ കൂടാതെ യുകെ, യുഎസ്, റഷ്യ, ചെെന എന്നീ രാജ്യങ്ങളുടെ ഇന്‍റലിജന്‍സ് വിഭാഗവും ദാവൂദിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനായി ശ്രമം നടത്തുന്നുണ്ട്. 

click me!