കൂറ്റന്‍ ജയം; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം

By Web DeskFirst Published Jan 14, 2018, 2:11 PM IST
Highlights

ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 100 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ഇന്ത്യയുയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 42.5 ഓവറില്‍ 228 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി നായകന്‍ പൃഥ്വി ഷാ(94), മന്‍ജോട്ട് കല്‍റ(86), ഷബ്മാന്‍ ഗില്‍(63) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ശിവം മണിയും കമലേഷ് നാഗര്‍കോട്ടിയുമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. അഭിഷേക് ശര്‍മ്മയും അങ്കുള്‍ റോയിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

പൃത്വി ഷായും മന്‍ജോട്ട് കല്‍റയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് തുണയായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്രീസിലെത്തിയ ഗില്‍ 54 പന്തില്‍ 63 റണ്‍സെടുത്ത് തകര്‍ത്തടിച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. മധ്യനിരയില്‍ എട്ട് പന്തില്‍ 23 റണ്‍സടിച്ച് അഭിഷേക് ശര്‍മ്മ ഞെട്ടിച്ചതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 328 നേടി. ഓസീസിനായ ഓള്‍റൗണ്ടര്‍ ജാക്ക് എഡ്‌വേര്‍ഡ് നാലും വില്‍, ഉപ്പല്‍, വോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനും തുടക്കം മോശമായില്ല. ഓപ്പണര്‍മാരായ ജാക്ക് എഡ്‌വേര്‍ഡ് 73 റണ്‍സെടുത്തും മാക്സ് 29 റണ്‍സെടുത്തും മികച്ച തുടക്കം നല്കി. എന്നാല്‍ മധ്യനിരയ്ക്ക് കാര്യമായ റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഓസീസ് 228ല്‍ ഒതുങ്ങുകയായിരുന്നു. ആധികാരിക ജയത്തോടെ ലോകകപ്പില്‍ മികച്ച തുടക്കം നേടാന്‍ ഇന്ത്യന്‍ യുവസംഘത്തിനായി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്.

click me!