ചാമ്പ്യൻസ് ലീഗ്: ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍; റോണോ ഓള്‍ഡ് ട്രാഫോര്‍ഡില്‍

By Web TeamFirst Published Oct 23, 2018, 9:52 AM IST
Highlights

യുവന്‍റസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുമ്പോള്‍ എല്ലാ കണ്ണുകളും റോണോയില്‍. റയൽ മാഡ്രിഡ്, റോമ, ബയേൺ മ്യൂണിക്ക് വമ്പന്‍മാര്‍ക്കും ഇന്ന് മത്സരം...

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെ നേരിടുമ്പോൾ റയൽ മാഡ്രിഡ്, റോമ, ബയേൺ മ്യൂണിക്ക് ടീമുകൾക്കും മത്സരമുണ്ട്...

മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ തട്ടകത്തിൽ യുവന്‍റസ് ഇന്നിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ്. 2009ൽ യുണൈറ്റഡ് വിട്ടതിന്
ശേഷം റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ എത്തുന്നത് രണ്ടാംതവണ. മാൻസുകിച്, ഡിബാല, മറ്റ്യൂഡി എന്നിവരുടെ പിന്തുണയോടെ എത്തുന്ന
റൊണാൾഡോ തന്നെയായിരിക്കും യുണൈറ്റഡിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. രണ്ടുകളിയും ജയിച്ച് ആറുപോയിന്‍റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ്
യുവന്‍റസ്. 

നാല് പോയിന്‍റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. സീസണിൽ ടീം താളംകണ്ടെത്താതെ തപ്പിത്തടയുന്നതിനാൽ യുണൈറ്റഡ് കോച്ച് ഹൊസെ മോറീഞ്ഞോയ്ക്കും നിർണായകമാണ് ഹോം ഗ്രൗണ്ടിലെ സൂപ്പ‍ർ പോരാട്ടം. പോഗ്ബ, മാർഷ്യാൽ, ലുകാക്കു, സാഞ്ചസ്, മാറ്റ തുടങ്ങിയവരിലാണ് യുണൈറ്റഡിന്‍റെ പ്രതീക്ഷ. രാത്രി പന്ത്രണ്ടരയ്ക്കാണ് പോരാട്ടം. ഇരുടീമും ഇതുവരെ 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. യുണൈറ്റഡിനും യുവന്‍റസിനും അഞ്ച് ജയം വീതം. രണ്ടുകളി സമനിലയിൽ.

ഗ്രൂപ്പ് ജിയിൽ മൂന്ന് പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനും നിർണായകം. വിക്ടോറിയ പ്ലസാനാണ് എതിരാളി. ലാ ലീഗയിൽ തപ്പിത്തടയുന്ന റയലിന് ഇന്നും തിരിച്ചടിയേറ്റാൽ കോച്ച് യൂലൻ ലോപെട്ടോഗിയുടെ കാര്യം പരിതാപകരമാവും. കോച്ചിനെ മാറ്റണമെന്ന ആവശ്യം ഇതിനോടകം തന്നെ ശക്തമായിക്കഴിഞ്ഞു. 

മറ്റ് മത്സരങ്ങള്‍

ബയേൺ മ്യൂണിക്ക്- എ ഇ കെ ഏതൻസ്
മാഞ്ചസ്റ്റർ സിറ്റി- ഷക്താർ ഡോണസ്ക് 
എ സ് റോമ- സിഎസ്‌കെഎ മോസ്കോ
അയാക്സ്- ബെൻഫിക്ക
യംഗ് ബോയ്സ്- വലൻസിയ

click me!