യൂറോ കപ്പ് വേദിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഫ്രഞ്ച് പൗരന്‍ അറസ്റ്റില്‍

By Web DeskFirst Published Jun 7, 2016, 12:55 AM IST
Highlights

പാരീസ്: യൂറോ കപ്പ് ഫുട്ബോള്‍ വേദിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ പിടികൂടി.യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍വച്ച് വന്‍ സ്ഫോടക ശേഖരവുമായാണ് ഇയാളെ പിടികൂടിയത്. യൂറോ കപ്പ് ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടയാളെ സുരക്ഷ സൈന്യം പിടികൂടിയത്. ജൂണ്‍ പത്തിന് ഫ്രാന്‍സിലാണ് യൂറോകപ്പിന് കിക്കോഫ്.

ഫ്രാന്‍സിലെ വിവിധ ഇടങ്ങില്‍ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് യുക്രൈന്‍ സുരക്ഷ വിഭാഗമായ എസ്.ബി.യു അറിയിച്ചു. തീവ്രവലതുപക്ഷ വിഭാഗങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഫ്രഞ്ച് സ്വദേശിയായ ഗ്രിഗറി മോടൗക്‌സാണ് പിടിയിലായതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസമായി ഗ്രിഗറി സുരക്ഷ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

125 കിലോ സ്ഫോടക വസ്തുക്കള്‍, തോക്കുകള്‍, ഗ്രാനൈഡുകള്‍ തുടങ്ങിയവ ഗ്രിഗറിയില്‍ നിന്ന് കണ്ടെടുത്തു. പാലങ്ങളും പള്ളികളുമടക്കം പത്തിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. യൂറോകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഫ്രാന്‍സില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പുതിയ സാഹചര്യത്തില്‍ യൂറോകപ്പ് നടക്കുന്ന നഗരങ്ങളിലടക്കം ഫ്രാന്‍സിലെങ്ങും സുരക്ഷ കര്‍ശനമാക്കി. ഒരുലക്ഷത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ മരിച്ചിരുന്നു.

 

click me!