മായങ്ക് മാര്‍ക്കണ്ഡെയെ ടീമിലെടുത്തതിന് കാരണമുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മുഖ്യ സെലക്‌‌ടറുടെ മറുപടി

By Web TeamFirst Published Feb 16, 2019, 3:38 PM IST
Highlights

മായങ്ക് മാര്‍ക്കണ്ഡെയെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിന്‍റെ കാരണം വ്യക്തമാക്കി മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്. 
 

മുംബൈ: ഇന്ത്യക്കായി സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ക്രുനാല്‍ പാണ്ഡ്യയും മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിങ്ങനെ സൂപ്പര്‍ സ്‌പിന്നര്‍മാര്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവും കാത്തിരിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായാണ് സ്‌പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ ഇന്ത്യന്‍ ടീമിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് മായങ്കിനെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ അത്ഭുതപ്പെടുത്തിയത്. 

ചാഹലും സ്‌പിന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും ടീമില്‍ നിലനില്‍ക്കേ മായങ്കിനെ ടീമിലെടുത്തത് ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയിരുന്നു. കുല്‍ദീപിന് വിശ്രമം അനുവദിക്കുകയും ചെയ്തു.  ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നു മുഖ്യ സെല‌ക്‌ടര്‍ എം എസ് കെ പ്രസാദ്. 'മായങ്ക് മാര്‍ക്കണ്ഡെയെ ബാക്ക്‌അപ്പ് സ്‌പിന്നറായാണ് ടീമിലുള്‍പ്പെടുത്തിയത്. ഇന്ത്യ എ ടീമിലൂടെ മായങ്കിനെ വളര്‍ത്തിയെടുക്കുകയാണ്, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിനായി അദേഹം അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു. അതാണ് ടീമിലെടുക്കാന്‍ കാരണമെന്ന്' പ്രസാദ് പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നാണ് ദേശീയ സീനിയര്‍ ടീമിലേക്കുള്ള ക്ഷണത്തെ കുറിച്ച് മായങ്ക് മാര്‍ക്കണ്ഡെയുടെ പ്രതികരണം. 21 വയസ് മാത്രമാണ് താരത്തിനുള്ളത്. ഇംഗ്ലണ്ട് ലണ്‍സിനെതിരെ ഇന്ത്യ എ കഴിഞ്ഞ ദിവസം തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മായങ്ക് 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി 14 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്‌ത്തി.

click me!