ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ പ്രതിഫലം കൂട്ടണമെന്ന് വിരാട് കോലി

By Web DeskFirst Published Apr 3, 2017, 5:35 PM IST
Highlights

ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ പ്രതിഫലം കൂട്ടണമെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും താരങ്ങൾക്ക് വലിയ പ്രതിഫലം കിട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോലിയും സംഘവും പ്രതിഫലം കൂട്ടണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സഹതാരങ്ങളുടെയും കോച്ച് അനിൽ കുംബ്ലെയുടെയും പിന്തുണയോടെയാണ് ക്യാപ്റ്റൻ വിരാട് കോലി പ്രതിഫലം കൂട്ടണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരന്പര വിജയത്തിന് ശേഷമായിരുന്നു ഇത്. 2017ല്‍ ഇരട്ടിയാക്കി പുതുക്കിയ  കരാർ അനുസരിച്ച് കോലിയും ധോണിയും ഉൾപ്പെട്ടെ എ ഗ്രേഡ് കളിക്കാർക്ക് രണ്ട് കോടിയും ബി ഗ്രേഡിന് ഒരു കോടിയും  സി ഗ്രേഡിന് 50 ലക്ഷവുമാണ് വാർഷിക പ്രതിഫലം. എ ഗ്രേഡിന് 5 കോടിയും ബി ഗ്രേഡിന് 3 കോടിയും സി ഗ്രേഡിന് ഒന്നരക്കോടിയുമായി പ്രതിഫലം ഉയർത്തണം. ടെസ്റ്റിനും നിശ്ചിത ഓവർ മത്സരത്തിനും ഇതേതുകയിൽ വ്യത്യസ്ത രണ്ട് കരാർവേണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

ധോണി, പുജാര തുടങ്ങിയ താരങ്ങൾ ഏകദിനത്തിലോ ടെസ്റ്റിലോ മാത്രം കളിക്കുന്നതിനാലാണ് രണ്ട് കരാർ വേണമെന്ന നിർദേശം. രണ്ട് കരാർ നിലവിൽ വന്നാൽ കോലി, രഹാനെ, അശ്വിൻ, ജഡേജ എന്നിവർക്ക് പത്ത് കോടിരൂപ വാർഷിക  പ്രതിഫലമായി കിട്ടും. ഇതിന് പുറമെയാണ് താരങ്ങളുടെ മാച്ച് ഫീസ്.  ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ട്വന്‍റി 20ക്ക് മൂന്ന് ലക്ഷവുമാണ് പുതുക്കിയ മാച്ച് ഫീസ്.   2-016- 17 സാമ്പത്തിക വർഷത്തിൽ 509 കോടി രൂപയാണ് ബിസിസിഐയുടെ ലാഭം.  ഇതനുസരിച്ച് താരങ്ങളുടെ പ്രതിഫലം കുറവാണെന്ന് കോലി പറയുന്നു. മാത്രമല്ല ഓസീസ് നായകന്‍ സ്റ്റീവ്  സ്മിത്തിന് 12 കോടിയും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന് 8 കോടിയും വാ‍ർഷിക പ്രതിഫലം ഉണ്ടെന്നും കോലി ചൂണ്ടിക്കാട്ടുന്നു. പ്രതിഫലം കൂട്ടുന്നകാര്യത്തിൽ
ഐപിഎൽ കഴിയും വരെ കാത്തിരിക്കണമെന്നാണ് വിനോട് റായ് അധ്യക്ഷനായ ഇടക്കാല സമിതി കോലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

click me!