പാകിസ്ഥാൻ ഇന്നിംഗ്‌സിന്‍റെ 39-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. സൽമാൻ ആഗയും മുഹമ്മദ് റിസ്‌വാനും ചേർന്ന് നാലാം വിക്കറ്റിൽ 109 റൺസിന്‍റെ ശക്തമായ കൂട്ടുകെട്ടുമായി പാകിസ്ഥാനെ 230/3 എന്ന സുരക്ഷിത നിലയിൽ എത്തിച്ചിരുന്നു.

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാൻ മുന്‍ നായകൻ സൽമാൻ ആഗ റണ്ണൗട്ടായതിനെചൊല്ലി വിവാദം. ബംഗ്ലാ സ്പിന്നർ മെഹ്ദി ഹസൻ മിറാസ് ആണ് സല്‍മാൻ ആഗയെ വിവാദരീതിയില്‍ പുറത്താക്കിയത്. സംഭവത്തില്‍ ക്ഷുഭിതനായ സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞാണ് തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

പാകിസ്ഥാൻ ഇന്നിംഗ്‌സിന്‍റെ 39-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. സൽമാൻ ആഗയും മുഹമ്മദ് റിസ്‌വാനും ചേർന്ന് നാലാം വിക്കറ്റിൽ 109 റൺസിന്‍റെ ശക്തമായ കൂട്ടുകെട്ടുമായി പാകിസ്ഥാനെ 230/3 എന്ന സുരക്ഷിത നിലയിൽ എത്തിച്ചിരുന്നു. മെഹ്ദി ഹസൻ എറിഞ്ഞ പന്ത് സ്ട്രൈക്കിംഗ് എൻഡിലായിരുന്ന റിസ്‌വാൻ നേരെ മുന്നോട്ട് അടിച്ചു. പന്ത് പിടിക്കാൻ ശ്രമിച്ച മെഹ്ദി നോൺ-സ്ട്രൈക്കിംഗ് എൻഡിലായിരുന്ന സൽമാൻ ആഗയുടെ കാലിന് താഴെവെച്ചാണ് പന്ത് തടുത്തത്. വീണുകിടന്ന മെഹ്ദിക്ക് പന്തെടുത്തുകൊടുക്കാന്‍ സല്‍മാന്‍ ആഗ കുനിയുന്നതിനിടെ പന്ത് കൈക്കലാക്കിയ മെഹ്ദ് സ്റ്റംപ് തെറിപ്പിച്ച് റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തു. ഈ സമയം ക്രീസിന് പുറത്തായിരുന്നു ആഗ.

തേർഡ് അമ്പയർ ഔട്ട് വിധിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സല്‍മാന്‍ ആഗ ആക്രോശിച്ചുകൊണ്ട് ഹെൽമറ്റും ഗ്ലൗസും നിലത്തടിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്. ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്തതാണ് ഈ പുറത്താക്കലെന്ന വാദം ശക്തമാണ്. ഐസിസി നിയമം അനുസരിച്ച്, ഒരു ഫീൽഡർ മനപ്പൂർവ്വം ബാറ്ററെ തടസ്സപ്പെടുത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് കുറ്റകരമാണ്. മെഹ്ദി ഹസൻ പന്ത് ഫീൽഡ് ചെയ്യാനല്ല, മറിച്ച് ആഗയ്ക്ക് തിരികെ ക്രീസിൽ കയറാനുള്ള വഴി തടസ്സപ്പെടുത്താനാണ് ശ്രമിച്ചതെന്ന് വ്യക്തമായാൽ അത് 'ഡെഡ് ബോൾ' ആയി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ അമ്പയർ ഔട്ട് വിധിയിൽ ഉറച്ചുനിന്നു.

Scroll to load tweet…

ആഗ പുറത്തായതോടെ പാകിസ്ഥാൻ തകർന്നടിഞ്ഞു. 230/3 എന്ന നിലയിലായിരുന്ന അവർ വെറും 274 റൺസിന് ഓൾഔട്ടായി. രണ്ട് പന്തുകൾക്ക് ശേഷം റിസ്‌വാനും പുറത്തായി. 48 ഓവറില്‍ 274 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജയിച്ച ബംഗ്ലാദേശ് മൂന്ന് മത്സരപരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക