ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. പരിക്കിൽ നിന്ന് മുക്തനായി ശുഭ്മന്‍ ഗില്‍ ക്യാപ്റ്റനായി തിരിച്ചെത്തുമ്പോൾ, മുഹമ്മദ് ഷമിയും ടീമിൽ ഇടംപിടിച്ചേക്കും.

മുംബൈ: ന്യുസിലന്‍ഡിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. ഈമാസം പതിനൊന്നിനാണ് മൂന്ന മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാവുക. മുഹമ്മദ് ഷമിയും ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തിരിച്ചെത്തുമോ? റിഷഭ് പന്തിനെ ഒഴിവാക്കുമോ? ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ആകാംക്ഷയേറെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ടീമിലെത്തുമെന്ന് ഉറപ്പ്.

ഇതോടെ കെ എല്‍ രാഹുലിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവും. വാരിയെല്ലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരിക്കില്‍ നിന്ന് ഏറക്കുറെ മുക്തനായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനാല്‍ ടീമിലേക്ക് പരിഗണിക്കുമോയെന്നാണ് ആകാംക്ഷ. ശ്രേയസ് പുറത്തിരുന്നാല്‍ റുതുരാജ് ഗെയ്ക്‌വാദ് ടീമില്‍ തുടരും. ട്വന്റി 20 ലോകകപ്പിനൊരുങ്ങാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കും വിശ്രമം നല്‍കാനാണ് തീരുമാനം. ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് ഷമി ടീമിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഷമിയെ തഴയുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. റിസര്‍വ് കീപ്പറായ റിഷഭ് പന്തിന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തുമെന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകനടത്തിലൂടെ ഇഷാന്‍ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യതയില്ല. സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ടീമില്‍ തുടരും.

ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്.

YouTube video player