Latest Videos

കോലി പാക് ഇതിഹാസത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് രവി ശാസ്ത്രി

By Web TeamFirst Published Feb 5, 2019, 10:43 PM IST
Highlights

ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇനിയും മെച്ചപ്പെടാനുണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം. ഓരോ പരമ്പരയിലും അദ്ദേഹം ക്യാപ്റ്റനെന്ന നിലയില്‍ മെച്ചപ്പെടുകയാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്ത്രങ്ങള്‍ കൊണ്ട് അദ്ദേഹം ഓസീസിനെ വീഴ്ത്തിക്കളഞ്ഞു.

ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇമ്രാന്‍ ഖാനെയും വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയും അനുസ്മരിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ജോലിയോടുള്ള കോലിയുടെ പ്രതിബദ്ധതയും കഠിനാധ്വാനവും പരിശീലനവും പലതും ത്യജിക്കാനുള്ള മനസും അവിശ്വസനീയമാണെന്നും ശാസ്ത്രി പറഞ്ഞു.

ഇത്തരത്തിലൊരു നായകനെ ലഭിച്ചത് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമാണ്. മുന്നില്‍ നിന്ന് നയിക്കുന്നതിലും സ്വയം മാതൃകയാകുന്നതിലും കാര്യങ്ങള്‍ തന്റേതായ രീതിയില്‍ ചെയ്യുന്നതിലുമെല്ലാം പാക് ഇതിഹാസം ഇമ്രാന്‍ ഖാനെയാണ് കോലി ഓര്‍മിപ്പിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇനിയും മെച്ചപ്പെടാനുണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം. ഓരോ പരമ്പരയിലും അദ്ദേഹം ക്യാപ്റ്റനെന്ന നിലയില്‍ മെച്ചപ്പെടുകയാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്ത്രങ്ങള്‍ കൊണ്ട് അദ്ദേഹം ഓസീസിനെ വീഴ്ത്തിക്കളഞ്ഞു.

വിദേശ പിച്ചുകളില്‍ കുല്‍ദീപ് യാദവ് തന്നെയാണ് ഇന്ത്യയുടെ മുന്‍നിര സ്പിന്നറെന്നും ശാസ്ത്രി പറഞ്ഞു. വിദേശപിച്ചുകളില്‍ മികവുറ്റ പ്രകടനം തുടരുന്ന കുല്‍ദീപ് ടെസ്റ്റിലും മികവു കാട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന വിദേശ ടെസ്റ്റ് പരമ്പരകളില്‍ ഒരു സ്പിന്നറെ കളിപ്പിക്കാനുള്ള തീരുമാനമാണ് എടുക്കേണ്ടിവരുന്നതെങ്കില്‍ അത് കുല്‍ദീപായിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു. എല്ലാവര്‍ക്കും അവരുടേതായ സമയമുണ്ട്, ഇപ്പോള്‍ അത് കുല്‍ദീപിന്റെ സമയമാണെന്നും ശാസ്ത്രി വ്യക്തമാക്കി.

click me!