കഴിഞ്ഞ മാസം അബുദാബിയില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കടുത്ത വെല്ലുവിളി മറികടന്നാണ് കൊല്‍ക്കത്ത മുസ്തഫിസുറിനെ ടീമിലെടുത്തത്.

കൊല്‍ക്കത്ത: ഐപിഎല്ലിന് മുമ്പ് മുന്‍ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി. ഐപിഎല്‍ മിനി താരലേലത്തില്‍ 9.2 കോടി നല്‍കി സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ ആവശ്യപ്പെട്ടു. ഇന്ത്യ-ബംഗ്ലാദേശ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ബിസിസിഐ നടപടി. മുസ്തഫിസുറിനെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പകരക്കാരനെ ആവശ്യമുണ്ടെങ്കില്‍ അതിന് അനുവാദം നല്‍കുമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം അബുദാബിയില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കടുത്ത വെല്ലുവിളി മറികടന്നാണ് രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന മുസ്തഫിസുറിനെ 9.2 കോടിക്ക് കൊല്‍ക്കത്ത ടീമിലെടുത്തത്. എന്നാല്‍ ഇന്ത്യ-ബംഗ്ലാദേശ് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ കൊല്‍ക്കത്ത ടീം സഹട ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ ഒരു വിഭാഗം ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാനെതിരെ ബിജെപി, ശിവ സേനാ നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മുസ്തഫിസുറിനെ കളിപ്പിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ തടസപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു.

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങ‌ൾ തുടരുന്ന പശ്ചാത്തലത്തിലാണ് മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ രാജ്യത്തെ വിവിധ ഹിന്ദു സംഘടനകളും ബിജിപിയും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിസംബറില്‍ ബംഗ്ലാദേശിലെ മൈമെന്‍സിംഗില്‍ ഹിന്ദുമത വിശ്വാസിയായ ദിപു ചന്ദ്രദാസ് എന്ന വസ്ത്രനിര്‍മാണ ഫാക്ടറി തൊഴിലാളിയെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച രാജ്ബാരി ഗ്രാമത്തില്‍ അമൃത് മൊണ്ഡല്‍ എന്ന ഹിന്ദുമത വിശ്വാസിയും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശി പേസറെ ടീമിലെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ടീം ഉടമ ഷാരൂഖ് ഖാനെതിരെയും സൈബര്‍ ആക്രമണം രൂക്ഷമാവുകയും നേതാക്കള്‍ പ്രകോപനപരമാ പ്രസ്താവനകളുമായി രംഗത്തെത്തുകയമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക