ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ജാര്‍ഖണ്ഡിന് അഞ്ചാം ഓവറില്‍ തന്നെ ആദ്യ പ്രഹരമേറ്റു. ആറ് റൺസെടുത്ത ഉത്കര്‍ഷ് സിംഗിനെ എം ഡി നിധീഷ് പുറത്താക്കി.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ജാര്‍ഖണ്ഡ് ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. 21-ാം ഓവറില്‍ 111-4ലേക്ക് വീണ ജാര്‍ഖണ്ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെന്ന നിലയിലാണ്. 116 പന്തില്‍ 105 റണ്‍സുമായി കുമാർ കുഷാഗ്രയും 36 റണ്‍സോടെ അനുകൂല്‍ റോയിയും ക്രീസില്‍. ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ 21 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കിഷനില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. ഒരു ഫോറും ഒരു സിക്സും അടക്കം 21 പന്തില്‍ 21 റണ്‍സെടുത്ത കിഷനെ ബാബാ അപരാജിത് സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ജാര്‍ഖണ്ഡിന് അഞ്ചാം ഓവറില്‍ തന്നെ ആദ്യ പ്രഹരമേറ്റു. ആറ് റൺസെടുത്ത ഉത്കര്‍ഷ് സിംഗിനെ എം ഡി നിധീഷ് പുറത്താക്കി. പിന്നാലെ മറ്റൊരു ഓപ്പണറായ ഷിഖര്‍ മോഹന്‍ 13 റണ്‍സെടുത്ത് മടങ്ങി. ഏദന്‍ ആപ്പിള്‍ ടോമിനായിരുന്നു വിക്കറ്റ്. മികച്ച ഫോമിലുള്ള വിരാട് സിംഗിനെ(15) ബാബാ അപരാജിത് കൂടി മടക്കിയതോടെ ജാര്‍ഖണ്ഡ് 65-3ലേക്ക് വീണു. ഇഷാന്‍ കിഷനും കുമാര്‍ കുഷാഗ്രയും ചേര്‍ന്ന് ജാര്‍ഖണ്ഡിനെ 100 കടത്തിയെങ്കിലും സ്കോര്‍ 111ല്‍ നില്‍ക്കെ കിഷനെയും അപരാജിത് വീഴ്ത്തിയതോടെ ജാര്‍ഖണ്ഡ് തകര്‍ച്ചയിലായെങ്കിലും അഞ്ചാം വിക്കറ്റില്‍ അനുകൂല്‍ റോയിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയർത്തി ജാര്‍ഖണ്ഡിനെ കരകയറ്റി.

എലൈറ്റ് ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോൾ രണ്ട് ജയവും രണ്ട് തോല്‍വിയുമായി കേരളം നാലാം സ്ഥാനത്തും നാലു കളികളില്‍ 3 ജയവും ഒരു തോല്‍വിയുമായി 12 പോയന്‍റുള്ള ജാര്‍ഖണ്ഡ് മൂന്നാമതുമാണ്. നാലു കളികളും ജയിച്ച മധ്യപ്രദേശും കര്‍ണാടകയുമാണ് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക