പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ഗംഭീര തുടക്കം

By Web DeskFirst Published Jan 3, 2017, 1:47 PM IST
Highlights

സിഡ്നി: ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷായും സെഞ്ച്വറികളുമായി കളംനിറഞ്ഞപ്പോള്‍, പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് ഗംഭീര തുടക്കം. ആദ്യം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ മൂന്നിന് 365 റണ്‍സെന്ന ശക്തമായ നിലയിലാണ്. സിഡ്നിയിലെ റണ്‍സൊഴുകുന്ന ട്രാക്കില്‍ വാര്‍ണറും റെന്‍ഷായും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 151 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 95 പന്തില്‍ 17 ബൗണ്ടറികള്‍ ഉള്‍പ്പടെ 113 റണ്‍സെടുത്ത വാര്‍ണറാണ് ആദ്യം പുറത്തായത്. 78 പന്തില്‍ 100 തികച്ച വാര്‍ണറുടെ പതിനെട്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. നൂറില്‍ കുറച്ച് പന്തില്‍ വാര്‍ണര്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്. ഗില്‍ക്രിസ്റ്റ്(ആറ്), സെവാഗ്(ഏഴ്) എന്നിവരാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്.

167 റണ്‍സോടെ റെന്‍ഷാ പുറത്താകാതെ നില്‍ക്കുകയാണ്. നാലാമത്തെ ടെസ്റ്റ് മല്‍സരം കളിക്കുന്ന റെന്‍ഷായുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണിത്. 275 പന്തില്‍ 18 ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് റെന്‍ഷാ 167 റണ്‍സില്‍ എത്തിയത്. 40 റണ്‍സോടെ പീറ്റര്‍ ഹാന്‍സ്‌കോംബാണ് റെന്‍ഷായ്‌ക്കൊപ്പം ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 121 റണ്‍സെടുത്തിട്ടുണ്ട്. 

പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ് രണ്ടു വിക്കറ്റ് എടുത്തിട്ടുണ്ട്. 

മൂന്നു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചു. സിഡ്നിയിലെ മല്‍സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഓസീസിന്റെ ലക്ഷ്യം. 

click me!