
കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി-20യിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് കൗമാരതാരം വാഷിംഗ്ടണ്‍ സുന്ദറിന്റെ മാസ്മരിക ബൗളിംഗായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ പോലും റണ്‍സ് വഴങ്ങാതെ പന്തെറിയുന്ന പതിനെട്ടുകാരന്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ബംഗ്ലാദേശിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ എറിഞ്ഞിട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് നേടുന്ന ബൗളറാണ് സുന്ദര്‍. 18 വയസും 160 ദിവസവും മാത്രം പ്രായമുള്ള സുന്ദര്‍ 21 വയസും 178 ദിവസവും പ്രായമുള്ളപ്പോള്‍ അക്ഷര്‍ പട്ടേല്‍ നേടിയ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ അശ്വിന്റെ പിന്‍ഗാമിയാണ് ഓള്‍റൗണ്ടര്‍ കൂടിയായ വാഷിംഗ്ടണ്‍ സുന്ദര്‍ അറിയപ്പെടുന്നത്. കരിയറിലുടനീളം അശ്വിനെ പിന്തുടരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ബാറ്റ്സ്മാനായും പേരെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഈ 18 വയസുകാരനെ ദേശീയ സെലക്ടര്‍മാരുടെ കണ്ണിലെത്തിച്ചത്. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ പുറത്തെടുത്ത മികച്ച പ്രകടനവും താരത്തിന് മേല്‍വിലാസം നേടിക്കൊടുക്കുന്നതില്‍ പങ്കുവഹിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 12 മത്സരങ്ങളില്‍ നിന്ന് 31.29 ശരാശരിയില്‍ 532 റണ്‍സും 30 വിക്കറ്റും സുന്ദര്‍ വീഴ്ത്തി. 2016 ഒക്ടോബറില്‍ മുംബൈക്കെതിരെ തമിഴ്‌നാടിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച താരം ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ജഴ്സിയണിഞ്ഞു.
2016ല്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിലെത്തിയ താരം അശ്വിന് പകരം 2017 ഐപിഎല്ലില്‍ പുനൈ സൂപ്പര്‍ജയന്‍റ്സ് ടീമിലെത്തി. വെറും 17 വയസ് പ്രായമുള്ളപ്പോളായിരുന്നു സുന്ദറിന്റെ ഐപിഎല്ലില്‍ അരങ്ങേറ്റം. മികച്ച ഇക്കോണമിയില്‍ പുനെക്കായി പന്തെറിഞ്ഞ സുന്ദര്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
അശ്വിന് ശേഷം സ്‌പിന്നറായും ടീമിന് ആശ്രയിക്കാവുന്ന ബാറ്റ്സ്മാനായും തന്നെയാണ് ഇന്ത്യന്‍ ടീമില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ സ്ഥാനം. ഇന്ത്യന്‍ ജഴ്സിയണിയുന്ന പ്രായം കുറഞ്ഞ ഏഴാം താരമാണ് സുന്ദര്‍. 18 വയസും 69 ദിവസവും പ്രായമുള്ളപ്പോളാണ് സുന്ദര്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഇക്കാര്യത്തില്‍ മുന്‍ഗാമിയായ അശ്വിനെ മറികടക്കാന്‍ താരത്തിനായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!