
40 വയസായിട്ടും സജീവ ക്രിക്കറ്റ് കളിക്കുന്ന എത്ര പേരുണ്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍..? അവരില്‍ എത്രപേര്‍ക്ക് ഈ 'വാര്‍ധക്യ'ത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയോട് അടുക്കുന്ന റണ്‍സ് നേടാന്‍ കഴിയുക. അതും 66.36 സ്‌ട്രൈക്ക് റേറ്റില്‍-സജീഷ് അറവങ്കര എഴുതുന്നു
ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ, 286 റണ്‍സ് നേടി പുറത്താവുമ്പോള്‍ വസീം ജാഫറിന് പ്രായം 40 വയസും 28 ദിവസവും. ഇറാനി കപ്പില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായാണ് വസീം ജാഫര്‍ മടങ്ങിയത്. അതും ഈ പ്രായത്തില്‍. വിദര്‍ഭയ്ക്ക് വേണ്ടിയായിരുന്നു ജാഫറിന്റെ പ്രകടനം. മൂന്ന് വര്‍ഷം മുമ്പാണ് ജാഫര്‍ വിദര്‍ഭയിലേക്ക് കൂടുമാറിയത്. ഈ വര്‍ഷം വിദര്‍ഭ രഞ്ജി ചാംപ്യന്മാരാവുമ്പോള്‍ 54 റണ്‍സ് ശരാശരിയില്‍ ജാഫര്‍ നേടിയത് 595 റണ്‍സ്. പ്രകടനത്തിനൊപ്പം, അയാള്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസവും എടുത്ത് പറയണം. വയസ് വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനം. ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റില്‍ അധികം നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ക്രിക്കറ്റ് അസോസിയേഷനാണ് വിദര്‍ഭ. അവിടെ നിന്നാണ്, അവര്‍ ദേശീയ ചാംപ്യന്മാരായി ഉയര്‍ന്നത്.
ഈ പ്രായത്തിലും കളി തുടരുമ്പോഴും ചിലരെങ്കിലുമുണ്ട് ജാഫറിന് മുന്‍ഗാമികളായി. 60 നില്‍ക്കുമ്പോഴാണ് സി.കെ. നായിഡു അവസാന രഞ്ജി ട്രോഫി കളിക്കുന്നത്. അവസാന ഇന്നിങ്‌സില്‍ ഉത്തര്‍ പ്രദേശിനെതിരേ 56 റണ്‍സ് നേടി. ഇംഗ്ലിഷ് താരം ജാക്ക് ഹോബ്‌സ് 52ാം വയസിലും ക്രിക്കറ്റ് കളിച്ചിരുന്നു. 50 വയസിലാണ് പ്രാദേശിക ക്രിക്കറ്റില്‍ ഹോബിന്റെ അവസാന അദ്ദേഹം സെഞ്ചുറി പിറന്നത്. ആറ് മാസം മുന്‍പ് 43ാം പിറന്നാള്‍ ആഘോഷിച്ച മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ ഇപ്പോഴും ഗയാനയുടെ നട്ടെല്ലാണ്. അദ്ദേഹത്തിന്റെ മകന്‍ ടഗ് നരെയ്ന്‍ ചന്ദര്‍പോള്‍ നോണ്‍സ്‌ട്രൈക്കിലും ചന്ദര്‍പോള്‍ ക്രീസിലും നിന്ന് കളിക്കുമ്പോഴുള്ള സൗന്ദര്യം വിവരിക്കാനാവാത്തതാണ്. ഒരു പക്ഷേ, ജാഫര്‍ വിദര്‍ഭയിലേക്ക് പോയില്ലെങ്കില്‍ സഹോദര പുത്രനായ അര്‍മന്‍ ജാഫറിനൊപ്പം കളിക്കുന്നതും കാണാമായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ജാഫര്‍ ഇപ്പോഴും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഭാ ധാരാളിത്തമുള്ള ഇന്ത്യയില്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് അയാള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്.
കഴിഞ്ഞ 22 വര്‍ഷത്തിനിടെ 138 രഞ്ജി ട്രോഫി മത്സരങ്ങളില്‍ ജാഫര്‍ കളിച്ചു. 56.81 ശരാശരിയില്‍ നേടിയത് 10,738 റണ്‍സ്. ഇതില്‍ 36 സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും. 1996/97 സീസണില്‍ പ്രാദേശിക ക്രിക്കറ്റില്‍ അരങ്ങേറി. അരങ്ങേറ്റത്തിന് ശേഷം രണ്ടാം മത്സരത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 31 ടെസ്റ്റില്‍ നേടിയത് 1,944 റണ്‍സ്. അഞ്ച് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും അക്കൗണ്ടിലുണ്ട്.
ബാന്ദ്രാ ചേരിയില്‍ ഒരു ബസ് ഡ്രൈവറുടെ നാലാമത്തെ മകനായിട്ടാണ് ജാഫര്‍ ജനിച്ചത്. അച്ഛന്റെ ആഗ്രഹം സഹോദരനായ കലീം ജാഫറിനെ ക്രിക്കറ്ററാക്കണമെന്നായിരുന്നു. സാമ്പത്തികാവസ്ഥ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുതടിയായി. കലീമിന്റെ കൈപിടിച്ചാണ് ജാഫര്‍ വളര്‍ന്നത്. അച്ഛന്റെ ആഗ്രഹം സഫലമായത് വസീം ജാഫറിലൂടെ. ചില സന്തോഷങ്ങള്‍ അങ്ങനെയാണ്... കൈയിലെത്താന്‍ വൈകും.. വൈകുമ്പോള്‍ അതിന്റെ മധുരവും കൂടും. വസീം ജാഫറിനെ പോലെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!