മെസിയും റൊണാള്‍ഡോയും കിതയ്ക്കും; ആരാവും 2018ലെ ടോപ് സ്കോറര്‍

By Web DeskFirst Published Jan 1, 2018, 5:21 PM IST
Highlights

ഫുട്ബോളില്‍ മെസി-റൊണാള്‍ഡോ യുഗം അപ്രസക്തമാകുന്നുവോ. ഇരു താരങ്ങള്‍ക്കും നേട്ടവും കോട്ടവുമുണ്ടായ വര്‍ഷമായിരുന്നു 2017. ബാലന്‍ ഡി ഓര്‍, ലോക ഫുട്ബോളര്‍ പട്ടങ്ങള്‍ക്കായി റൊണാള്‍ഡോയും മെസിയും തമ്മില്‍ അവസാന റൗണ്ടില്‍ വരെ ശക്തമായ മത്സരം നടന്നു. ഇരു പുരസ്കാരങ്ങളും സ്വന്തമാക്കി റൊണാള്‍ഡോ താരമായി. എന്നാല്‍ ഇരുവരെയും മറികടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാമതൊരാളാണ് ഗോള്‍വേട്ടയില്‍ മുന്നിലെത്തിയത്. 

കലണ്ടര്‍ വര്‍ഷം ടോട്ടനത്തിനായി 55 ഗോളുകള്‍ നേടിയ ഹാരി കെയ്‌നാണ് കഴിഞ്ഞ വര്‍ഷത്തെ ഗോള്‍വേട്ടക്കാരന്‍. അതേസമയം ബാഴ്സലോണയുടെ ലിയോണല്‍ മെസി 54 ഗോളും റയല്‍ മാഡ്രിഡിന്‍റെ റൊണാള്‍ഡോയും ബയേണ്‍ മ്യൂണിക്കിന്‍റെ ലെവന്‍ഡോവ്സ്കിയും, പിഎസ്ജിയുടെ കവാനിയും 53 ഗോളുകള്‍ വീതവും നേടി. നിലവിലെ പ്രകടനം പരിശോധിച്ചാല്‍ 2018 മെസിക്കും റൊണാള്‍ഡോയ്ക്കും അത്ര ശോഭനമായിരിക്കില്ല‍.

2018ല്‍ മെസിക്കും റൊണാള്‍ഡോയ്ക്കും വെല്ലുവിളി ഇവര്‍

മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് മൂന്നാമതൊരാള്‍ 2018ലും ഗോള്‍വേട്ടക്കാരന്‍ പദവി സ്വന്തമാക്കിയേക്കും. ലീഗുകളില്‍ ടോട്ടനത്തിന്‍റെ ഹാരി കെയ്‌നും ബയേണ്‍ മ്യൂണിക്കിന്‍റെ ലെവന്‍ഡോവ്സ്കിയും ലിവര്‍പൂളിന്‍റെ മുഹമ്മദ് സലായും പിഎസ്ജിയുടെ നെയ്മറും കവാനിയും ഗോള്‍വേട്ട തുടരുകയാണ്. ഇവരില്‍ മികച്ച ഫോമിലുള്ള ടോട്ടനത്തിന്‍റെ ഹാരി കെയ്‌ന് തന്നെയാണ് ഈ വര്‍ഷവും കൂടുതല്‍ സാധ്യത.

ബയേണ്‍ മ്യൂണിക്കിന്‍റെ ഡച്ച് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌ക്കിയാണ് രണ്ടാമത് സാധ്യത കല്‍പിക്കപ്പെടുന്ന താരം.‍ അടുത്ത സീസണില്‍ ലെവന്‍ഡോവ്‌സ്‌കി മറ്റൊരു ക്ലബിലേക്ക് ചേക്കേറാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ലിവര്‍പൂളിനായി 29 കളികളില്‍ 23 ഗോളുകള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായാണ് മറ്റൊരു പ്രതീക്ഷ. പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരനാകാന്‍ ഹാരി കെയ്‌നുമായി കടുത്ത മത്സരത്തിലാണ് സലാ.

റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ ബ്രസീലിയന്‍ താരം നെയ്‌മറും മികച്ച ഫോമിലാണ്. കഴിഞ്ഞ വര്‍ഷം പിഎസ്ജിക്കായി 20 കളികളില്‍ നിന്ന് 17 ഗോളുകള്‍ നേടാന്‍ താരത്തിനായി. അതേസമയം പിഎസ്ജിയില്‍ നെയ്മറുടെ സഹതാരമായ കവാനിയ്ക്കും സാധ്യതകളേറെ. 2017ല്‍ 53 ഗോളുകള്‍ നേടി റൊണാള്‍ഡോയ്ക്കും ലെവന്‍ഡോവ്സ്കിക്കും ഒപ്പം മൂന്നാം സ്ഥാനത്തുണ്ടായിരുന്നു കവാനി. 


 

click me!