
ടീം ഇന്ത്യയുടെ ഏറ്റവും പ്രതിഭാധനനായ ബാറ്റ്സ്‍മാൻമാരില്‍ ഒരാളാണ് രോഹിത് ശര്‍മ്മ. പക്ഷേ അത് പരിമിതമായ ഓവറുകളില്‍ മാത്രമാണെന്നും പറയേണ്ടി വരും. ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാനാകാതെ പോകുകയാണ് പലപ്പോഴും രോഹിത് ശര്‍മ്മയ്ക്ക്. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്സ്മാനായിട്ടും ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയ്‍ക്ക് പെര്‍ഫോം ചെയ്യാനാകാത്തത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുകയും ചെയ്യുന്നു.
പരിമിത ഓവറുകളിലെ ഇരട്ടച്ചങ്കൻ
രോഹിത് ശര്‍മ്മ 2007ല്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി അന്താരാഷ്‍ട്ര മത്സരത്തിനിറങ്ങുന്നത്. അത് ടി20യിലായിരുന്നു. ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ രണ്ടാമത്തെ മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി നേടി ടീമിനെ മുന്നോട്ടുനയിക്കുകയും ചെയ്‍തു. 2007ല്‍ അയര്‍ലാൻഡിനെതിരെയായിരുന്നു ആദ്യമായി രോഹിത് ശര്‍മ്മ അന്താരാഷ്‍ട്ര ഏകദിന മത്സരത്തിനിറങ്ങിയത്. മധ്യനിര ബാറ്റ്സ്മാനായിട്ടായിരുന്നു തുടക്കം. മോശമല്ലാത്ത തുടക്കമുണ്ടായിട്ടും തുടര്‍ച്ചയായി ടീമില്‍ ഇടം നേടാനായിരുന്നില്ല. 2013ല്‍ ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ധോണി രോഹിത്തിനെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ ക്ഷണിച്ചതോടെയാണ് തകര്‍പ്പൻ പ്രകടനം തുടങ്ങുന്നത്. 183 ഏകദിനങ്ങളില്‍ നിന്നായി 6748ഉം 84 ടിട്വന്റിയില്‍ നിന്നായി 2086ഉം റണ്‍സും നേടി. 18 ഏകദിന സെഞ്ച്വറികളാണ് രോഹിത് നേടിയത്. മൂന്ന് ഇരട്ട സെഞ്ച്വറികളും നേടി. മൂന്ന് ടി20 സെഞ്ച്വറികളും സ്വന്തമാക്കി. ശ്രീലങ്കയ്‍ക്ക് എതിരെ 35 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടി വേഗമേറിയ ടി20 സെഞ്ച്വറി എന്ന റെക്കോര്‍ഡും സ്വന്തമാക്കി.
സ്ഥിരതയില്ലാത്ത ടെസ്റ്റ്
തുടക്കം ഗംഭീരമായിരുന്നെങ്കിലും ടെസ്റ്റ് മത്സരങ്ങളില്‍ പിന്നീട് കാര്യങ്ങള്‍ തിരിച്ചായിരുന്നു. ഇന്ത്യയില്‍ വെസ്റ്റിൻഡീസിനെതിരെ 2013ല്‍ നടന്ന പരമ്പരയിലാണ് രോഹിത് ശര്‍മ്മ ആദ്യമായി ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഈഡൻ ഗാര്‍ഡൻസില്‍ നടന്ന ആദ്യമത്സരത്തില്‍ സെഞ്ച്വലറി. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തിലും സെഞ്ച്വറി. അത്തരം ഒരു നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്‍മാനുമായി രോഹിത് ശര്‍മ്മ. എന്നാല്‍ മികച്ച തുടക്കത്തിനു ശേഷം വിദേശ പര്യടനങ്ങളില്‍ പരാജയപ്പെടുന്ന രോഹിത് ശര്‍മ്മയെയാണ് പിന്നീട് കണ്ടത്. ടെസ്റ്റ് ടീമുകളില്‍ നിന്ന് പല തവണ ഒഴിവാക്കപ്പെടുകയും ചെയ്‍തു. നാട്ടില്‍ ശ്രീലങ്കയ്‍ക്കെതിരെ നടന്ന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതിനെ തുടര്‍ന്ന് രോഹിത് ശര്മ്മയ്ക്ക് ടെസ്റ്റില്‍ വീണ്ടും അവസരം ലഭിക്കുകയായിരുന്നു.
എന്തുകൊണ്ടാവും ടെസ്റ്റില്‍ രോഹിത് ശര്‍മ്മയ്‍ക്ക് തിളങ്ങാനാവാതെ പോകുന്നത്. ഇതാ ചില കാരണങ്ങള്‍..
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കണ്ടതുപോലെ തന്നെയാണ് രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് കരിയര്‍. ഇരുവശങ്ങളിലേക്ക് സ്വിംഗ് ചെയ്യുന്നതും പേസ് ബൌളര്‍മാര്‍ക്ക് സാധ്യതയുള്ളതുമായ പിച്ചുകളില്‍ രോഹിത് ശര്‍മ്മയ്‍ക്ക് സ്കോര്‍ ചെയ്യാൻ കഴിയുന്നില്ല. മികച്ച പേസും സ്വിങും വരുന്ന പിച്ചുകളാണ് രോഹിതിന് കൂടുതല്‍ വെല്ലുവിളിയാവുന്നത്. ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകള്‍ അതുകൊണ്ടുതന്നെ തന്നെ ഹീറ്റ്മാന് വെല്ലുവിളിയാവില്ല. വിദേശ പിച്ചുകളില്‍ താരത്തിന് കാലിടറാനുള്ള കാരണം ഈ സ്വിങാണ്. ഓഫ് സ്റ്റംപിന് പുറത്ത് മികച്ച ലെംഗ്തില്‍ വരുന്ന പന്തുകളാണ് രോഹിതിനെ മരണക്കിണറിലേക്ക് തള്ളിയിടുന്നത്. മോശം ഫൂട്ട് വര്‍ക്കു കൂടിയാകുമ്പോള്‍ രോഹിതിന് സ്വിങിനു മുന്നില്‍ പിഴയ്ക്കും. ഇതറിയാവുന്ന മികച്ച പേസര്‍മാര്‍ ആ പേയിന്‍റില്‍ തന്നെ തുടര്‍ച്ചയായി പന്തുകളെറിയും. അതോടെ രോഹിത് ശര്‍മ്മ പതറുകയും ചെയ്യും
രോഹിത് ശര്‍മ്മയ്‍ക്ക് വെല്ലുവിളിയാകുന്ന മറ്റൊരു കാര്യം അവശ്യ സമയങ്ങളിലെ പരുക്കാണ്. പരുക്കിനെ തുടര്‍ന്ന് റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയ്‍ക്ക് സ്ഥിരത നേടാനും കഴിയുന്നില്ല. 2010ല്‍ വിവിഎസ് ലക്ഷ്മണിനു പകരമായി രോഹിത് ശര്മ്മയ്ക്ക് ടെസ്റ്റില്‍ അവസരം ലഭിച്ചിരുന്നതാണ്. എന്നാല്‍ ഫുട്ബോള്‍ മത്സരത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റിലെ തുടക്കം 2013ലേക്ക് നീണ്ടു.
ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് പൊസിഷനാണ് രോഹിത് ശര്‍മ്മ നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്‍നം. പല പൊസിഷനുകളില്‍ മാറിമാറി ബാറ്റ് ചെയ്‍തിട്ടുണ്ടെങ്കിലും ആറാം നമ്പറില്‍ മാത്രമാണ് രോഹിത് ശര്‍മ്മയ്‍ക്ക് വലിയ മികവ് കാട്ടാനായത്. വെല്ലുവിളി നേരിടുന്ന വിദേശ മത്സരങ്ങളിലാണ് ഇന്ത്യ പലപ്പോഴും ആറ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരെ നിയോഗിക്കാൻ ശ്രമിക്കാറ്. അപ്പോഴാണ് രോഹിത് ശര്‍മ്മയ്‍ക്ക് ആദ്യ പതിനൊന്നില്‍ അവസരം ലഭിക്കാറുള്ളതും. മൂന്ന് ടെസ്റ്റ് സെഞ്ച്വറികളാണ് ആറാം സ്ഥാനത്ത് ബാറ്റ് ചെയ്‍ത് നേടിയത്. 2013ല്‍ ടെസ്റ്റ് മത്സരത്തിനിറങ്ങി തുടങ്ങിയെങ്കിലും 25 ടെസ്റ്റുകളില്‍ നിന്ന് 2682 റണ്‍ മാത്രം നേടായതും അതുകൊണ്ടാവാം. മൂന്ന് ഡബിള്‍ ഏകദിന സെഞ്ച്വറികള്‍ നേടിയിട്ടും ടെസ്റ്റില്‍ വലിയ ഇന്നിംഗ്സ് പടുത്തുയര്‍ത്താൻ പറ്റാത്തത് രോഹിത് ശര്‍മ്മയുടെ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതും തന്നെ.
courtesy- sportskeeda
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!