വിരമിക്കല്‍ തീരുമാനത്തിലുറച്ച് യൂനിസ് ഖാന്‍

By Web DeskFirst Published Apr 23, 2017, 1:26 PM IST
Highlights

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാകിസ്ഥാന്‍ താരം യുനിസ് ഖാന്‍. പാകിസ്ഥാന്‍  ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ തീരുമാനം പുന:പരിശോധിക്കാമെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് യൂനിസ് വിശദീകരണവുമായി
രംഗത്തെത്തിയത്.

വിരമിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തീരുമാനത്തില്‍ മാറ്റമില്ലെന്നും 39കാരനായ യൂനിസ് ഖാന്‍ പറഞ്ഞു. 39 വയസ്സുകാരനായ യൂനിസ് പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായാണു വിലയിരുത്തപ്പെടുന്നത്. ട്വന്റി20, ഏകദിനം, ടെസ്റ്റ് വിഭാഗങ്ങളിലെല്ലാം പാക്കിസ്ഥാനെ നയിച്ച താരമാണു യൂനിസ്.

17 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ 115 ടെസ്റ്റുകളില്‍നിന്നായി 9977 റണ്‍സ് നേടിയിട്ടുണ്ട്; 34 സെഞ്ചുറിയും. 10,000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ പാക്കിസ്ഥാന്‍ താരമാകാന്‍ യൂനിസിന് ഇനി 23 റണ്‍സ് കൂടി മതി. അതു വിന്‍ഡീസിനെതിരായ പരമ്പരയില്‍ നേടുന്നതോടെ ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ 13–ാമത്തെ ബാറ്റ്സ്മാനാകും ഇദ്ദേഹം. ശ്രീലങ്കയ്‌ക്കെതിരെ 2009ല്‍ നേടിയ 313 ആണു മികച്ച സ്കോര്‍.

ഇക്കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ 2–2നു സമനില നേടിയ ടെസ്റ്റ് പരമ്പരയില്‍ യൂനിസിന്റേതു മികച്ച പ്രകടനമായിരുന്നു. ഈയിടെ വിസ്ഡന്‍ പ്രഖ്യാപിച്ച മികച്ച അ‍ഞ്ചു താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 42കാരനായ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖും വിന്‍ഡീസ് പര്യടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

click me!