ക്രിക്ക് ഇന്‍ഫോ പുരസ്കാരങ്ങളില്‍ മികച്ച നേട്ടങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍

By Web DeskFirst Published Feb 20, 2018, 8:49 AM IST
Highlights

മുംബൈ: 2017ലെ  മികച്ച പ്രകടനങ്ങള്‍ക്കുള്ള  ക്രിക്ഇന്‍ഫോ പുരസ്കാരങ്ങളിൽ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം.  സ്പിന്നര്‍ കുല്‍ദീപ് യാദവ് മികച്ച പുതുമുഖത്തിനുള്ള  പുരസ്കാരം നേടി. രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ വര്‍ഷത്തിൽ  43 വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. ട്വന്‍റി20യിലെ മികച്ച ബൗളിങ് പ്രകടനത്തിനുള്ള പുരസ്കാരം സ്പിന്നര്‍ യുസ്‍‍വേന്ദ്ര ചഹൽ നേടി.  

ഇംഗ്ലണ്ടിനെതിരായ ബംഗളുരു ട്വന്‍റി 20യിൽ , 25 റൺസ് വഴങ്ങി , 6 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിനാണ്  അംഗീകാരം .  വനിതാ ക്രിക്കറ്റിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കി. ലോകകപ്പ് സെമിയിൽ  ഓസ്ട്രേലിയക്കെതിരെ 175 റൺസടിച്ച പ്രകടനത്തിനാണ്
പുരസ്കാരം. 

ടെസ്റ്റിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനുള്ള പുരസ്കാരം  , ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും, മികച്ച ബൗളിംഗ് പ്രകടനത്തിനുള്ള അംഗീകാരം  നതാന്‍ ലിയോണും നേടി. ഇന്ത്യന്‍ പര്യടനത്തിലെ മികവിനാണ് ഇരുവര്‍ക്കും പുരസ്കാരം.

ചാംപ്യന്‍സ് ട്രോഫിയിൽ , ഇന്ത്യക്കെതിരായ ഫൈനലില്‍ , സെഞ്ച്വറി നേടിയ ഫക്കര്‍ സമനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിറിനുമാണ് ഏകദിനത്തിലെ പുരസ്കാരം.  ഇയാന്‍ ചാപ്പല്‍, റമീസ് രാജ, കോര്‍ട്നി വാൽഷ് എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.

click me!