
ബീജിങ്: ടെക് ലോകത്തെ അത്ഭുതപ്പെടുത്തി റോബോർട്ടുകളുടെ തട്ടിക്കൊണ്ടുപോകൽ. ചൈനയിലെ ഹാങ്‌ഷൗവിലാണ് വിചിത്ര സംഭവം നടന്നത്. എഐ അധിഷ്ടിത കുഞ്ഞൻ റോബോട്ട്, ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെ 'തട്ടിക്കൊണ്ടുപോയി'. ഓഡിറ്റി സെൻട്രലാണ് വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തത്. തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. സംഭവം നിർമിത ബുദ്ധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്കും ആശങ്കയ്ക്കും കാരണമായി.
എർബായ് എന്ന് പേരിട്ടിരിക്കുന്ന ചെറിയ റോബോട്ട് വലിയ റോബോട്ടുകളുമായി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അവരുടെ ജോലി സ്ഥല പരിധി വിട്ട് ഷോറൂമിന് പുറത്ത് കടക്കാൻ എഐ റോബോട്ട് പ്രേരിപ്പിക്കുന്നു. എർബായിയുടെ ആജ്ഞകൾ അനുസരിച്ച് മറ്റ് റോബോട്ടുകൾ പുറത്തുകടന്നു. വീടില്ലെന്ന് റോബോട്ടുകൾ പറയുമ്പോൾ സ്വന്തം വീട്ടിലേക്കാണ് എർബായ് ക്ഷണിക്കുന്നത്. വീഡിയോ വ്യാജമല്ലെന്ന് റോബോട്ട് നിർമ്മാതാവ് സ്ഥിരീകരിച്ചു. തുടക്കത്തിൽ, വീഡിയോ തമാശയായി തള്ളിക്കളഞ്ഞു. എന്നാൽ, സംഭവത്തിൻ്റെ ആധികാരികത ഷാങ്ഹായ് കമ്പനിയും ഹാങ്‌ഷൂ നിർമ്മാതാവും സ്ഥിരീകരിച്ചതോടെ സംഭവം ചർച്ചയായി.
വലിയ റോബോട്ടുകളുടെ സംവിധാനങ്ങളിലെ സുരക്ഷാ അപാകത എർബായ് ചൂഷണം ചെയ്തതായി ഇവർ വെളിപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് നിർമാതാക്കൾ പറഞ്ഞു. ചെറിയ റോബോട്ടിന് മറ്റു റോബോട്ടുകളുടെ ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളും അതിൻ്റെ അനുബന്ധ അനുമതികളും ആക്സസ് ചെയ്യാൻ കഴിഞ്ഞുവെന്ന് ഷാങ്ഹായ് കമ്പനി സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകൽ നിർമിത ബുദ്ധി സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചും അവക്ക് സ്വയം നിർണയ ശേഷി നൽകുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം