2016 ലോകത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ വര്‍ഷം

By Web DeskFirst Published Nov 15, 2016, 10:22 AM IST
Highlights

2015നെ അപേക്ഷിച്ച് ലോകത്ത് എമ്പാടും അന്തരീക്ഷ താപനിലയില്‍ 1.2 ഡിഗ്രി സെലഷ്യസ് ആണ് 2016 ല്‍ വര്‍ദ്ധിച്ചത്. 2015ലെയും 2016ലെയും കാലാവസ്ഥാ വ്യതിയാനത്തില്‍ എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം നിര്‍ണായക ഘടകമായെന്നും ഡബ്യു.എം.ഒ കരുതുന്നു.

1961നും 90നും ഇടയ്ക്ക് അനുഭവപ്പെട്ട ചൂടിനേക്കാള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ശരാശരി താപനില 0.88 ആയിരുന്നു. 2015 മുഴുവനുള്ള കണക്ക് പ്രകാരം ഇത് 0.77 ആയിരുന്നു. ചൂട് കൂടിയതിന് എല്‍നിനോ കാരണമായിരുന്നെങ്കിലും അതിലും വലിയ കാരണമായത് കാര്‍ബണ്‍ഡൈഓക്സൈഡിന്റെ പുറന്തള്ളലാണ്.

ആര്‍ട്ടിക്ക് റഷ്യയില്‍ ഇതുവരെയുള്ള ശരാശരിയില്‍ 6 ഡിഗ്രി സെല്‍ഷ്യസിനും 7 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില. റഷ്യയിലെ മറ്റ് ആര്‍ട്ടിക്ക്, സബ് ആര്‍ട്ടിക്കുകളിലും, അലാസ്‌ക, വടക്കുപടിഞ്ഞാറന്‍ കാനഡ എന്നിവിടങ്ങളില്‍ 3 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ശരാശരി താപനില. 

സാരമായ അളവില്‍ ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നുണ്ട്. ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികള്‍ ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഉരുകിത്തുടങ്ങിയിരുന്നു. രാജസ്ഥാനിലുള്ള ഫലോഡിയില്‍ മേയില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി-51 ഡിഗ്രി സെല്‍ഷസ്.

 2016ല്‍ അനവധി ഉഷ്ണക്കാറ്റുകള്‍ ഉണ്ടായി. സൗത്ത് ആഫ്രിക്കയിലെ ഉഷ്ണക്കാറ്റാണ് ഈ വര്‍ഷം ആദ്യമുണ്ടായത്. കൊടുംവരള്‍ച്ചയ്ക്കുള്ള മുന്നറിയിപ്പായിരുന്നു ഇത്. കുവൈത്തിലെ മിത്രിബായില്‍ ജൂലൈ 21ന് 54 ഡഗ്രി സെല്‍ഷ്യസാണു രേഖപ്പെടുത്തിയ താപനില. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വടക്കന്‍ ആഫ്രിക്കയിലും ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷമാണിത്.

click me!