
ദില്ലി : സൈബർ കുറ്റകൃതൃങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. 28,000 മൊബൈൽ ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ ഉടൻ ബ്ലോക്ക് ചെയ്യുമെന്നും ഹരിയാനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞു. സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930, പരാതി പോർട്ടൽ cybercrime.gov.in എന്നിവ വഴി 27,824 ഫോൺ നമ്പറുകളാണ് തിരിച്ചറിഞ്ഞത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ക്രൈം) ഒ പി സിംഗാണ് ഇക്കാര്യം പറഞ്ഞത്.
ഈ നമ്പറുകളുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നടത്തുന്ന സൈബർ സേഫ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഫീൽഡ് യൂണിറ്റുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണക്കുകളനുസരിച്ച്, ഗുരുഗ്രാം (7,142), ഫരീദാബാദ് (3,896), പഞ്ച്കുല (1,420), സോനിപത് (1,408), റോഹ്തക് (1,045), ഹിസാർ (1,228), അംബാല (1,101) എന്നിവയാണ് ഏറ്റവും കൂടുതൽ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിട്ടുള്ള ജില്ലകൾ.
സൈബർ ക്രൈം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യുന്ന മൊബൈൽ നമ്പറുകൾ സൈബർ സേഫ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ സിംഗ് മറ്റ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. "മൊത്തത്തിൽ, ഈ വർഷം സെപ്തംബർ മാസം വരെ 47,000 സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ ഹെൽപ്പ് ലൈൻ നമ്പറായ 1930, 29 സൈബർ പൊലീസ് സ്റ്റേഷനുകളിലും സംസ്ഥാനത്തുടനീളമുള്ള ടെറിട്ടോറിയൽ പൊലീസ് സ്റ്റേഷനുകളിലെ 309 സൈബർ ഡെസ്‌കുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിനെ തുടർന്ന് പൊലീസ് കണ്ടെടുത്ത 15 കോടിയിലധികം രൂപ തിരിച്ചെടുത്തിട്ടുമുണ്ട്. ഒക്ടോബർമാസം ദേശീയ സൈബർ സുരക്ഷാ മാസമായി ആചരിക്കുകയാണ്. ഫിഷിംഗ് തിരിച്ചറിയുകയും റിപ്പോർട്ടുചെയ്യുകയും ചെയ്യുക, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക, മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക, സൈബർ തട്ടിപ്പുകളും ഉപദ്രവങ്ങളും റിപ്പോർട്ട് ചെയ്യുക തുടങ്ങി സൈബർ സുരക്ഷകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹരിയാന പൊലീസ് ഒക്ടോബർ ഒന്നു മുതൽ 25 വരെ 19.7 ലക്ഷം ആളുകളെ ആകർഷിക്കുന്ന 2,526 ബഹുജന പങ്കാളിത്ത പരിപാടികളാണ് സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam