പോക്കോയുടെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ സീരീസായ എക്‌സ്8 പ്രോ മാർച്ച് 17ന് ഇന്ത്യയിൽ അവതരിപ്പിക്കും. പോക്കോ എക്‌സ്8 പ്രോ, എക്‌സ്8 പ്രോ മാക്‌സ് എന്നീ മോഡലുകൾക്ക് മീഡിയടെക് ഡൈമന്‍സിറ്റി ചിപ്പുകൾ, ഡുവല്‍ റിയര്‍ ക്യാമറകൾ, ഒഎല്‍ഇഡി ഡിസ്പ്ലെകൾ എന്നിവയുണ്ടാകുമെന്നാണ് സൂചന. ഫോണുകളുടെ പ്രതീക്ഷിക്കുന്ന വിലയും മറ്റ് സവിശേഷതകളും ലീക്കായിട്ടുണ്ട്.

ദില്ലി: പോക്കോ അവരുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസായ പോക്കോ എക്‌സ്8 പ്രോ ശ്രേണി മാര്‍ച്ച് 17ന് ഇന്ത്യയില്‍ പുറത്തിറക്കും. പോക്കോ എക്‌സ്8 പ്രോ, പോക്കോ എക്‌സ്8 പ്രോ മാക്‌സ് എന്നിവയാണ് ഈ ഫോണ്‍ നിരയിലുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി ചിപ്പുകള്‍, ഡുവല്‍ റിയര്‍ ക്യാമറകള്‍, ഒഎല്‍ഇഡി ഡിസ്പ്ലെകള്‍ എന്നിവ പോക്കോയുടെ ഈ പുതിയ രണ്ട് ഹാന്‍ഡ്‌സെറ്റുകളിലും അടങ്ങിയിരിക്കുന്നതെന്നാണ് സൂചന.

പോക്കോ എക്‌സ്8 പ്രോ ഫോണ്‍ മോഡലുകള്‍: സവിശേഷതകള്‍ ലീക്കായി

മിഡ്-റേഞ്ച്, പെര്‍ഫോമന്‍സ് അധിഷ്‌ഠിതമായ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യമിട്ടാണ് പോക്കോ എക്‌സ്8 പ്രോ സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പോക്കോ എക്‌സ്8 പ്രോ, പോക്കോ എക്‌സ്8 പ്രോ മാക്‌സ് എന്നിവയുടെ വില, ലഭ്യത തുടങ്ങിയ വിവരങ്ങള്‍ മാര്‍ച്ച് 17ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് നടക്കുന്ന ലോഞ്ച് ഇവന്‍റില്‍ മാത്രമേ കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. എങ്കിലും, പോക്കോ എക്‌സ്8 പ്രോ മീഡിയടെക് ഡൈമന്‍സിറ്റി 8500 അള്‍ട്ര ചിപ്‌സെറ്റിലുള്ളതും പോക്കോ എക്‌സ്8 പ്രോ മാക്‌സ് ഡൈമന്‍സിറ്റി 9500എസ് പ്രൊസസറിലുള്ളതുമായിരിക്കും എന്നാണ് പ്രതീക്ഷ.

ഫ്ലാറ്റ് ഫ്രെയിം ഡിസൈന്‍, ഡുവല്‍ റിയര്‍ ക്യാമറകള്‍, ഉയര്‍ന്ന റിഫ്രഷ് റേറ്റ് സഹിതം ഒഎല്‍ഇഡി ഡിസ്‌പ്ലെ എന്നിവയും പോക്കോ എക്‌സ്8 പ്രോ സീരീസ് ഫോണുകളില്‍ പ്രതീക്ഷിക്കുന്നു. ബാക്ക് പാനലില്‍ രണ്ട് കട്ടൗട്ടുകള്‍ സഹിതമുള്ള ഫോണുകളില്‍ വെര്‍ട്ടിക്കല്‍ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. കറുപ്പ്, വെളുപ്പ്, പച്ച നിറങ്ങളിലായിരിക്കും പോക്കോ എക്‌സ്8 പ്രോ, പോക്കോ എക്‌സ്8 പ്രോ മാക്‌സ് വിപണിയിലെത്തുക. പോക്കോ എക്‌സ്8 പ്രോ 50എംപി ഡുവല്‍ റിയര്‍ ക്യാമറ, 6.95-ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്‌പ്ലെ എന്നിവയും പോക്കോ എക്‌സ്8 പ്രോ മാക്‌സ് 6.83-ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്‌പ്ലെയും സഹിതമുള്ളതായിരിക്കാം.

ബാറ്ററി, ചാര്‍ജിംഗ്, വില സൂചന 

പോക്കോ എക്‌സ്8 പ്രോ 100 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 7,560 എംഎഎച്ച് ബാറ്ററിയും പോക്കോ എക്‌സ്8 പ്രോ മാക്‌സ് 8,500 എംഎഎച്ച് ബാറ്ററിയും സഹിതമുള്ളതായിരിക്കാനാണ് സാധ്യത. കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പോക്കോ എക്‌സ്8 പ്രോയ്‌ക്ക് 43,000 രൂപയും പോക്കോ എക്‌സ്8 പ്രോ മാക്‌സിന് 57,000 രൂപയുമാണ് വിലത്തുടക്കം പ്രതീക്ഷിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming