
കാലിഫോര്‍ണിയ: അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന് വൻ തിരിച്ചടി. ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോൺ എയര്‍ രൂപകൽപ്പന ചെയ്‌ത ലീഡ് ഡിസൈനർ അബിദുർ ചൗധരി ആപ്പിൾ വിട്ടു. ചൗധരി ഇപ്പോൾ പുതിയൊരു എഐ സ്റ്റാർട്ടപ്പിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. ആറ് വർഷത്തിലേറെ ആപ്പിളിൽ ജോലി ചെയ്യുകയും അൾട്രാ-തിൻ ഐഫോൺ എയർ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്‌ത അബിദുർ ചൗധരി പേരിടാത്ത ഒരു എഐ സ്ഥാപനത്തിൽ ചേർന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിളിന്‍റെ ഡിസൈൻ ടീമിനുള്ളിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയായിരുന്നു അബിദുർ ചൗധരി. അതുകൊണ്ടുതന്നെ ഡിസൈൻ ടീമിനുള്ളിൽ അദേഹത്തിന്‍റെ വിടവാങ്ങൽ വൻ അലയൊലികൾ സൃഷ്‍ടിച്ചതായാണ് റിപ്പോർട്ടുകൾ.
ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണ്‍ എന്ന വിശേഷണവുമായാണ് വിപണിയിലെത്തിയതെങ്കിലും ഐഫോണ്‍ എയറിന് വിപണി പിടിക്കാനായിരുന്നില്ല. ഐഫോൺ എയറിന്‍റെ മോശം വിപണി പ്രകടനവുമായി ഡിസൈനര്‍ അബിദുർ ചൗധരിയുടെ പിന്മാറ്റത്തിന് യാതൊരു ബന്ധവുമില്ലെന്ന് ബ്ലൂംബെർഗിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഐഫോണ്‍ 17 സീരീസ് ഐഫോണുകളുടെ വിൽപ്പനയുടെ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ വിഹിതം ഐഫോണ്‍ എയറിനുണ്ടാകുമെന്ന് ആപ്പിൾ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡിസൈന്‍ ആകര്‍ഷകമായെങ്കിലും ഉയര്‍ന്ന വില ഐഫോണ്‍ എയറിന് തിരിച്ചടിയായതായാണ് റിപ്പോര്‍ട്ട്. മോശം വിൽപ്പന കാരണം ഐഫോൺ എയർ ആപ്പിള്‍ നിർത്തലാക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇന്ത്യന്‍ വേരുകളുള്ള അബിദുർ ചൗധരി ലണ്ടനിലാണ് ജനിച്ചത്. സാൻ ഫ്രാൻസിസ്കോയില്‍ ആപ്പിൾ കമ്പനിയിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി ജോലി ചെയ്‌തുവരികയായിരുന്നു അദേഹം. "ഞാൻ ജനിച്ചതും വളർന്നതും ലണ്ടനിലാണ്, ഇപ്പോൾ ഞാൻ സാൻ ഫ്രാൻസിസ്കോയിൽ ഒരു ഡിസൈനറായി ജോലി ചെയ്യുന്നു. ഇത്രയും അത്ഭുതകരമായ പ്രോജക്‌ടുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനായി കരുതുന്നു."- ആപ്പിള്‍ കരിയര്‍ കാലത്ത് തന്‍റെ വെബ്‌സൈറ്റില്‍ അബിദുർ ചൗധരി എഴുതിയത് ഇങ്ങനെയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും തനിക്ക് ഇഷ്‌ടമാണെന്നും അബിദുർ ചൗധരി പറയുന്നു. ആളുകൾക്ക് അതില്ലാതെ ജീവിക്കാൻ കഴിയാത്ത വിധത്തിൽ നൂതനമായ ഉൽപ്പന്നങ്ങൾ സൃഷ്‍ടിക്കുമ്പോഴാണ് ഏറ്റവും സന്തോഷം ലഭിക്കുന്നതെന്ന് അബിദുർ ചൗധരി കൂട്ടിച്ചേര്‍ത്തു.
എവിടെയാണ് അബിദുർ ചൗധരി പഠിച്ചത്?
യുകെയിലെ ലൗബറോ സർവകലാശാലയിൽ നിന്ന് ഉൽപ്പന്ന രൂപകൽപ്പനയില്‍ ചൗധരി ബിരുദം നേടിയിട്ടുണ്ട്. വിദ്യാർഥി ജീവിതത്തിലെ അദ്ദേഹത്തിന്‍റെ നേട്ടങ്ങളും അത്ഭുതകരമായിരുന്നു. 3D ഹബ്‌സ് സ്റ്റുഡന്‍റ് ഗ്രാന്‍റ്, ജെയിംസ് ഡൈസൺ ഫൗണ്ടേഷൻ ബർസറി, കെൻവുഡ് അപ്ലയൻസസ് അവാർഡ് തുടങ്ങി നിരവധി അഭിമാനകരമായ അവാർഡുകൾ അബിദുർ ചൗധരി നേടി. കൂടാതെ, സെയ്‌മൂർ പവൽ ഡിസൈൻ വീക്ക് മത്സരത്തിൽ ആബിദുർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തു. അബിദുറിന്‍റെ പ്ലഗ് ആൻഡ് പ്ലേ ഡിസൈനിന് 2016-ൽ റെഡ് ഡോട്ട് ഡിസൈൻ അവാർഡ് ലഭിച്ചു. ഈ വിവരങ്ങൾ അദേഹത്തിന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിലും രേഖപ്പെടുത്തിയിട്ടുണ്ട്.
യുകെയിലെ പ്രശസ്‌തമായ കമ്പനികളായ കേംബ്രിഡ്‍ജ് കൺസൾട്ടന്‍റ്‌സ്, കർവെന്‍റ എന്നിവിടങ്ങളിൽ ഇന്‍റേൺഷിപ്പുകളോടെയാണ് അബിദുർ ചൗധരി തന്‍റെ കരിയർ ആരംഭിച്ചത്. അതിനുശേഷം, ലണ്ടൻ ആസ്ഥാനമായുള്ള ലെയർ ഡിസൈനിൽ പ്രൊഫഷണൽ ഡിസൈനറായും അബിദുർ ജോലി ചെയ്‌തു. 2018-നും 2019-നും ഇടയിൽ സ്വന്തമായി ഒരു ഡിസൈൻ കൺസൾട്ടൻസി ആരംഭിച്ചു. ഈ സമയത്ത് നിരവധി നൂതന ബ്രാൻഡുകൾ, ഡിസൈൻ സ്റ്റുഡിയോകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുമായി ചേര്‍ന്ന് പ്രവർത്തിച്ചു. അവിടെ അദേഹം ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുക മാത്രമല്ല, ഉപയോക്തൃ അനുഭവവും തന്ത്രപരമായ കാഴ്‌ചപ്പാടും നൽകി.
2019-ൽ ആപ്പിളിൽ ചേർന്ന അബിദുർ ചൗധരി
2019 ജനുവരിയിലാണ് അബിദുർ ചൗധരി ആപ്പിളിൽ ചേർന്നത്. അവിടെ അദേഹം കുപെർട്ടിനോയില്‍ ഒരു ഇൻഡസ്ട്രിയൽ ഡിസൈനറായി ജോലി ചെയ്‌തു. ഈ സമയത്ത്, കമ്പനിക്കുവേണ്ടി ഏറ്റവും നൂതനമായ ഉൽപ്പന്നങ്ങളിലും അബിദുർ പ്രവർത്തിച്ചു. അതിലൊന്നാണ് 2025 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോൺ എയർ. ഐഫോണ്‍ എയറിന്‍റെ ഡിസൈന്‍ വലിയ ചര്‍ച്ചയായിരുന്നു.
ഐഫോൺ എയറിന്‍റെ പ്രത്യേകത എന്തൊക്കെ?
എയർ എന്ന പേരിൽ വരുന്ന ആദ്യത്തെ ഐഫോണാണ് ഐഫോണ്‍ എയര്‍. ഇതിന്‍റെ കനം 5.6 എംഎം മാത്രമാണ്. പക്ഷേ എന്നിട്ടും ഐഫോണ്‍ എയറിന് ശക്തമായ എ19 പ്രോ ചിപ്പ് നല്‍കിയിരിക്കുന്നു. ഫോണിന് 6.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്, ഇത് 120 ഹെര്‍ട്‌സ് പ്രോമോഷനെ പിന്തുണയ്ക്കുന്നു. അതായത്, എപ്പോഴും ഓൺ-ഡിസ്‌പ്ലേ ഇതിൽ വളരെ നന്നായി പ്രവർത്തിക്കും. ഈ ഫോണിന്‍റെ രൂപകൽപ്പന ഇതിനെ വളരെ സവിശേഷമാക്കുന്നു. ഐഫോണ്‍ എയറിന് 48 എംപി സിംഗിള്‍ ഫ്യൂഷൻ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. മുൻവശത്ത് 18 എംപി സെൽഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഐഫോണ്‍ എയറിന്‍റെ പ്രാരംഭ വില ഇന്ത്യയില്‍ 1,19,990 രൂപയാണ് ( 256 ജിബി).
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം