വീണ്ടും സൈബര്‍ ആക്രമണ ഭീതിയില്‍ ലോകം

By Web DeskFirst Published May 15, 2017, 3:38 AM IST
Highlights

ലോകം വീണ്ടും സൈബര്‍ ആക്രമണ ഭീതിയില്‍. വന്‍നാശം വിതച്ച വാന്നാക്രൈ എന്ന വൈറസിന്‍റെ പുതിയ രൂപം ഇന്ന് റാന്‍സംവേര്‍ പുറത്തുവിടുമെന്ന ആശങ്കയാണ് ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നത്. ഇതിനിടയില്‍ ആവശ്യമായ മുന്‍കരുതല്‍  നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇൻഫര്‍മേഷന്‍ മന്ത്രാലയം ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് നിര്‍ദ്ദേശം നല്‍കി.

150 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തോളം  കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ റാന്‍ംസവേര്‍ ആക്രമണം ഇന്നും വീണ്ടും ഉണ്ടായേക്കാനിടയുണ്ടെന്ന  മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ കമ്പ്യൂട്ടറുകള്‍  ആക്രമിക്കപ്പെടാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വ്യക്തമാക്കി. മെയ്റ്റിക്ക് കീഴിലുള്ള ഇന്ത്യന്‍ കന്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായും മന്ത്രാലയം വിശദീകരിച്ചു. ആക്രമണം ഉണ്ടാകുന്ന പക്ഷം അടിയന്തര ഇടപെടല്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഇന്ന് വീണ്ടും സൈബര്‍ ആക്രമണം ഉണ്ടായേക്കാനിടയുണ്ടെന്ന മുന്നറിയിപ്പുയര്‍ത്തുന്ന ആശങ്കയിലാണ് ലോകം. വലിയ നാശം വിതച്ച വാന്ന ക്രൈ എന്ന റാന്‍സംവേറിന്‍റെ മറ്റൊരു പതിപ്പ് ഇന്ന് പുറത്തെത്തുമെന്നാണ് മുന്നറിയിപ്പ്. ആദ്യഘട്ടത്തില്‍ വലിയ നാശമുണ്ടാക്കിയ ആക്രമണത്തിന് ശേഷം വൈറസിന്‍റെ പ്രവര്‍ത്തനം സാവധാനത്തിലായിരുന്നു. ഇതിനൊപ്പം രണ്ട് ദിവസത്തെ അവധിക്ക് ശേഷം  ഇന്ന്  ഐടി രംഗം സജീവമാകുന്ന ഘട്ടത്തില്‍ വൈറസിന്‍റെ പുതിയ പതിപ്പ് പുറത്ത് വിട്ട് വീണ്ടും നാശം വിതയ്ക്കാനുള്ള സാധ്യതയാണ് സൈബര്‍ ലോകം മുന്നില്‍ കാണുന്നത്.

വൈറസ് ആക്രമണത്തിലൂടെ വെളിപ്പെട്ട സുരക്ഷാവീഴ്ച മുന്നറിയിപ്പ് നല്‍കുന്നതാണെന്ന് വ്യക്തമാക്കി മൈക്രോസോഫ്ടും രംഗത്തെത്തിയിട്ടുണ്ട്. രാജ്യങ്ങൾ അലക്ഷ്യമായി വിവരങ്ങൾ സൂക്ഷിച്ചതാണ് സൈബര്‍ ആക്രമണത്തിന് വഴിവച്ചതെന്നാണ് സോഫ്റ്റ്‍വെയര്‍ ഭീമന്മാരായ  മൈക്രോസോഫ്റ്റ് പുറത്തു വിടുന്ന വിശദീകരണം.  

 

click me!