ഗൂഗിൾ പുതിയ എഐ ഇമേജ് ജനറേഷൻ ടൂളായ ‘നാനോ ബനാന 2’ പുറത്തിറക്കി. ജെമിനി 3.1 ഫ്ലാഷ് ഇമേജ് എഐ മോഡലിൽ പ്രവർത്തിക്കുന്ന ഇത്, വേഗതയേറിയ ചിത്ര സൃഷ്ടിയും മികച്ച ടെക്സ്റ്റ് റെൻഡറിംഗും 4കെ റെസല്യൂഷനും വാഗ്ദാനം ചെയ്യുന്നു.
ഗൂഗിൾ പുതിയ എഐ ഇമേജ് ജനറേഷൻ ടൂളായ ‘നാനോ ബനാന 2’ പുറത്തിറക്കി. കൂടുതൽ വേഗതയുള്ള ചിത്ര സൃഷ്ടിയും മെച്ചപ്പെട്ട ടെക്സ്റ്റ് റെൻഡറിംഗും ഉൾക്കൊള്ളുന്ന ഈ മോഡൽ, മുൻ പതിപ്പായ നാനോ ബനാന പ്രോയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.
നാനോ ബനാന 2 സവിശേഷതകള്‍ എന്തെല്ലാം?
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് കമ്പനി ‘നാനോ ബനാന’ എന്ന എഐ ഇമേജ് ജനറേറ്റർ അവതരിപ്പിച്ചത്. ജെമിനി 2.5 ഫ്ലാഷ് ഇമേജ് എഐ മോഡൽ എന്ന പേരിലും ഇത് അറിയപ്പെട്ടു. വേഗത്തിലുള്ള ഇമേജ് ക്രിയേഷൻ, എഡിറ്റിംഗ് സംവിധാനങ്ങൾ, ക്യാരക്റ്ററുകളുടെ സ്ഥിരത എന്നിവയാണ് അതിന്റെ പ്രധാന സവിശേഷതകൾ. പിന്നീട് 2025 നവംബറിൽ ജെമിനി 3 പ്രോ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നാനോ ബനാന പ്രോ അവതരിപ്പിച്ചു. 4കെ റെസല്യൂഷൻ വരെ ചിത്രങ്ങൾ സൃഷ്ടിക്കാനാകുന്ന ഈ പതിപ്പ് ഏറ്റവും മികച്ച ഇമേജ് ജനറേഷൻ, എഡിറ്റിംഗ് മോഡലായി കമ്പനി വിശേഷിപ്പിച്ചിരുന്നു.
ഇപ്പോൾ പുറത്തിറങ്ങിയ നാനോ ബനാന 2, ജെമിനി 3.1 ഫ്ലാഷ് ഇമേജ് എഐ മോഡലിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ജെമിനി ആപ്പിലെ ഫാസ്റ്റ്, തിങ്കിങ്, പ്രോ മോഡലുകൾക്കായി നാനോ ബനാന പ്രോയ്ക്ക് പകരമായി ഇത് എത്തിയിട്ടുണ്ട്. ഗൂഗിൾ എഐ പ്രോയും അൾട്രാ ഉപയോക്താക്കളും പ്രത്യേക ആവശ്യങ്ങൾക്കായി ചിത്രങ്ങൾ വീണ്ടും സൃഷ്ടിച്ച് ഉപയോഗിക്കാനും സാധിക്കും.
നാനോ ബനാന 2 ഇപ്പോൾ ഇന്ത്യ ഉൾപ്പെടെ 141 രാജ്യങ്ങളിൽ ലഭ്യമാണ്. എഐ മോഡിലുള്ള സേർച്ച്, ഗൂഗിൾ ലെൻസ്, മൊബൈൽ, പിസി ബ്രൗസറുകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കാം. എഐ സ്റ്റുഡിയോ, ജെമിനി എപിഐ, വെർടെക്സ് എഐ പ്ലാറ്റ്ഫോമുകളിലും പ്രിവ്യൂ രൂപത്തിൽ ലഭ്യമാണ്. ഗൂഗിൾ ലാബ്‍സ് വികസിപ്പിച്ച ഫ്ലോ എന്ന ഹൈ-ഫിഡലിറ്റി വീഡിയോ ക്രിയേഷൻ ടൂളിലും ഇത് ഡീഫോൾട്ട് ഇമേജ് മോഡലായി ഉൾപ്പെടുത്തിയിട്ടുണ്ട്.
തത്സമയ വെബ് വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ കൃത്യമായ സബ്‍ജക്ട് റെൻഡറിംഗ്, ഇൻഫോഗ്രാഫിക്‌സ്, ഡയഗ്രാം, ഡാറ്റാ വിഷ്വലൈസേഷൻ എന്നിവ സൃഷ്ടിക്കാൻ ഇതിന് കഴിയും. പരസ്യ കാമ്പെയ്‌നുകൾക്കും ആശംസാകാർഡുകൾക്കും അനുയോജ്യമായ വ്യക്തവും വായിക്കാൻ എളുപ്പമുള്ള ടെക്സ്റ്റ് നിർമ്മിക്കാനും സഹായിക്കുന്നു. പരമാവധി അഞ്ച് കഥാപാത്രങ്ങളുടെയും 14 ഒബ്‍ജക്ടുകളുടെയും ദൃശ്യ സ്ഥിരത ഉറപ്പാക്കാനാകുന്നതും പ്രത്യേകതയാണ്. 4കെ റെസല്യൂഷനിൽ കൂടുതൽ സമ്പന്നമായ ലൈറ്റിംഗും വ്യക്തതയുള്ള വിശദാംശങ്ങളോടെയും ചിത്രങ്ങൾ സൃഷ്‍ടിക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.



