'അത് ഭയാനകം, ചാറ്റ്‍ബോട്ടുകൾ മനുഷ്യന് മനസിലാകാത്ത ഭാഷ സൃഷ്‍ടിച്ചേക്കാം'; മുന്നറിയിപ്പുമായി എഐയുടെ തലതൊട്ടപ്പൻ!

Published : Aug 05, 2025, 11:08 AM ISTUpdated : Aug 05, 2025, 11:15 AM IST
Geoffrey Hinton

Synopsis

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതിന് മാത്രം മനസിലാവുന്ന ഒരു ഭാഷ സൃഷ്‌ടിച്ചാല്‍ മനുഷ്യന് വലിയ ഭീഷണിയാകുമെന്ന് ജെഫ്രി ഹിന്‍റണിന്‍റെ മുന്നറിയിപ്പ്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. എഐക്ക് നിരവധി പോസിറ്റീവ് വശങ്ങൾ ഉള്ളപ്പോഴും അതിനൊരു ഇരുണ്ട വശവും ഉണ്ട്. ഇതുസംബന്ധിച്ച് നിരവധി മുന്നറിയിപ്പുകളും ഇതിനകം വന്നുകഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ തലതൊട്ടപ്പനായി കണക്കാക്കപ്പെടുന്ന ജെഫ്രി ഹിന്‍റണ്‍ ഈ സാങ്കേതികവിദ്യയെക്കുറിച്ച് മറ്റൊരു മുന്നറിയിപ്പ് ഇപ്പോള്‍ നൽകിയിരിക്കുന്നു.

എഐ ചാറ്റ്ബോട്ടുകൾ സ്വന്തമായി ഒരു പുതിയ ഭാഷ സൃഷ്‍ടിക്കുന്നതിൽ വിജയിച്ചാൽ, അവ നിയന്ത്രിക്കാനാവാത്തതായി മാറുമെന്ന് ജെഫ്രി ഹിന്‍റണ്‍ പറഞ്ഞു. നിലവിൽ എഐ സാങ്കേതികവിദ്യ ഇംഗ്ലീഷിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു, അതുവഴി ഡെവലപ്പർമാർക്ക് അത് എന്താണ് ചിന്തിക്കുന്നതെന്നോ എന്താണ് ചെയ്യാൻ പോകുന്നതെന്നോ മനസിലാക്കാന്‍ കഴിയും. എന്നാൽ ഭാവിയിൽ ഇതില്‍ നിന്ന് വിഭിന്നമായി എഐ സാങ്കേതികവിദ്യ മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത സ്വന്തം ഭാഷ സൃഷ്‌ടിക്കുന്ന സാഹചര്യമുണ്ടാകാം എന്നാണ് ഹിന്‍റൻ പറയുന്നത്.

നിലവിൽ എഐ ഇംഗ്ലീഷിലാണ് ചിന്തിക്കുന്നത്. ഇത് എഐ എന്താണ് ചിന്തിക്കുന്നതെന്ന് ട്രാക്ക് ചെയ്യാൻ ഡെവലപ്പർമാരെ അനുവദിക്കുന്നു. എന്നാൽ എഐ എന്താണ് ചെയ്യാൻ പദ്ധതിയിടുന്നതെന്ന് മനുഷ്യർക്ക് മനസിലാകാത്ത ഒരു ഘട്ടം വന്നേക്കാമെന്ന് ഹിന്‍റൺ പറയുന്നു. അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റിലാണ് ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് സ്വന്തം ഭാഷയും ചിന്തയും വികസിപ്പിക്കാൻ കഴിയുമെന്നും അത് മനുഷ്യർക്ക് മനസിലാക്കാനോ ട്രാക്ക് ചെയ്യാനോ കഴിയില്ലെന്നും ജെഫ്രി ഹിന്‍റണ്‍ പറഞ്ഞത്.

'വൺ ഡിസിഷൻ' എന്ന പോഡ്‌കാസ്റ്റിലാണ് ജെഫ്രി ഹിന്‍റണ്‍ തന്‍റെ ഭയം പങ്കുവച്ചത്. "എഐ ചിന്തിക്കാൻ സ്വന്തം ഭാഷ വികസിപ്പിച്ചെടുത്താൽ ഞാൻ അത്ഭുതപ്പെടില്ല. അതിനർത്ഥം അത് എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് അറിയില്ല എന്നാണ്. അത് തീർച്ചയായും വളരെ ഭയാനകമായിരിക്കും'- ജെഫ്രി ഹിന്‍റണ്‍ പറഞ്ഞു. ഭയാനകമായ നിരവധി വിധത്തിൽ ചിന്തക്കാൻ കഴിയുമെന്ന് എഐ ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും ഹിന്‍റണ്‍ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ മനുഷ്യർക്ക് ട്രാക്ക് ചെയ്യാൻ കഴിയാത്ത എന്തൊക്കെ കാര്യങ്ങൾ ഈ സാങ്കേതികവിദ്യ ചിന്തിച്ച് ചെയ്യുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നും ജെഫ്രി ഹിന്‍റൺ പറഞ്ഞു.

2024-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ജെഫ്രി ഹിന്‍റൺ എഐ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഗവേഷകനാണ്. ഇന്നത്തെ എഐ അധിഷ്ഠിത ഉൽപ്പന്നങ്ങൾക്കും ആപ്ലിക്കേഷനുകൾക്കും ശക്തി പകരുന്ന മെഷീൻ ലേണിംഗിന് അടിത്തറ പാകിയത് ഹിന്‍റണ്‍ ആണ്. എങ്കിലും എഐയുടെ ദ്രുതഗതിയിലുള്ള വികസനവും അതിന്‍റെ അപകടസാധ്യതകളും കണക്കിലെടുത്ത് പിന്നീട് അദ്ദേഹം അതിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ തുടങ്ങി. എഐയെക്കുറിച്ചുള്ള തന്‍റെ ഭയം ഹിന്റൺ പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. എഐക്ക് എന്തെല്ലാം അപകടങ്ങളുണ്ടാകുമെന്ന് താൻ വളരെ മുമ്പുതന്നെ മനസിലാക്കേണ്ടതായിരുന്നുവെന്നും ജെഫ്രി ഹിന്‍റൺ പറയുന്നു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ഐപിഎല്‍ തന്നെ തലപ്പത്ത്, തൊട്ടുപിന്നില്‍ ജെമിനി; ഗൂഗിളില്‍ 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ഇവ