ചോർന്നതിൽ പ്രമുഖരുടെ ഡാറ്റകളും ; വിവരങ്ങൾ തിരിച്ചെടുത്തുവെന്ന് എയിംസ്

By Web TeamFirst Published Dec 1, 2022, 12:50 AM IST
Highlights

ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സെർവർ ഹാക്ക് ചെയ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. നഷ്ടമായ ഡാറ്റയിൽ നിന്ന് കുറച്ച് വീണ്ടെടുത്തുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ദില്ലി: ഹാക്ക് ചെയ്യപ്പെട്ട സെർവറിലെ വിവരങ്ങൾ ഏഴു ദിവസത്തിനു ശേഷം കുറച്ച് വീണ്ടെടുത്തുവെന്ന് എയിംസ്. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സെർവർ ഹാക്ക് ചെയ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. നഷ്ടമായ ഡാറ്റയിൽ നിന്ന് കുറച്ച് വീണ്ടെടുത്തുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡാറ്റ, നെറ്റ് വർക്കിലാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതുകൊണ്ട് ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇനിയും വൈകും. 

നിലവിൽ ഒ.പി. വിഭാഗങ്ങൾ, സാംപിൾ ശേഖരണം ഇവയെല്ലാം ജീവനക്കാർ നേരിട്ടാണ് ചെയ്യുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രിയായ എയിംസിൽ  പ്രതിവർഷം 38 ലക്ഷം രോഗികളാണ്  എത്തുന്നത്. കിടത്തി ചികിത്സിക്കുന്നവരുടെയും ആശുപത്രിയിൽ എത്തി ചികിത്സിക്കുന്നവരുടെയും രേഖകൾ ഉൾപ്പെടെയാണ് നിലവിൽ ഹാക്കർമാർ ചോർത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പടെയുള്ള കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോർട്ട് .  കഴിഞ്ഞ ദിവസം നടന്ന സൈബർ അറ്റാക്കിൽ ചൈനീസ് ഹാക്കർമാരുടെ പങ്കാണ് പ്രധാനമായും സംശയിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരുന്നത് പഴയ സിസ്റ്റം ആയിരുന്നു എന്നാണ് റിപ്പോർട്ട്. ദുർബലമായ ഫയർവാളും അപ്ഡേറ്റഡല്ലാത്ത സിസ്റ്റവുമാണ് പണിയായതെന്നാണ് പ്രഥമ റിപ്പോർട്ട്. ക്ലൗഡ്-കേന്ദ്രീകൃത സെർവറുകൾ ഇല്ലായിരുന്നു എന്നും പറയപ്പെടുന്നു. രോഗികളുടെ വിവരങ്ങൾക്ക് പുറമെ മറ്റെന്തെങ്കിലും വിവരങ്ങൾ ചോർത്തപ്പെട്ടോ എന്നതിൽ വ്യക്തതയില്ല. 

സൈബർ ആക്രമണം നടന്നുവെന്ന് എയിംസ് അധികാരികൾ തന്നെയാണ് സ്ഥിരീകരിച്ചത്. ഡാറ്റ ചോർത്തിയ ശേഷം പണം ആവശ്യപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് റാൻസംവെയർ. ഇവിടെ നൽകേണ്ട തുകയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം. രോഗികളെ സംബന്ധിച്ച വിവരങ്ങൾക്ക് പുറമെ സ്മാർട് ലാബ്, ബില്ലിങ്, റിപ്പോർട്ട് ജനറേഷൻ, അപ്പോയിന്റ്‌മെന്റ് സിസ്റ്റം എന്നിവയും ഹാക്കർമാർ കൈവശപ്പെടുത്തിയിട്ടുണ്ട്.  മാനുവലായാണ് ഡൽഹി എയിംസിൽ എല്ലാക്കാര്യങ്ങളും ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഡ്മിഷൻ, ഡിസ്ചാർജ്, ജനന മരണ സർട്ടിഫിക്കറ്റുകൾ എന്നിവയൊക്കെ മാനുവലായാണ് നിലവിൽ തയ്യാറാക്കുന്നത്. ഈ മാസം 23 നാണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴു മണിയാപ്പോഴേക്കും എല്ലാ സംവിധാനങ്ങളും പ്രവർത്തനരഹിതമായി. പ്രോട്ടോൺ മെയിൽ അഡ്രസ് ഉപയോഗിച്ചാണ് ഹാക്കർമാർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഡൽഹി പോലീസ്, ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ., ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾക്കൊപ്പം എൻ.ഐ.എ.യും ചേർന്നാണ് സൈബർ അറ്റാക്കിനെ കുറിച്ച് അന്വേഷണം നടത്തുന്നത്. 

Read Also: ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യരുത്; ടെലി മാർക്കറ്റിംഗ് കോളുകളോട് നിലപാട് കടുപ്പിച്ച് ട്രായ്, അറിയേണ്ടത്!

 

tags
click me!