ജിയോതരംഗത്തില്‍ അടിതെറ്റി ഏയര്‍ടെല്‍; കണക്കുകള്‍ പുറത്ത്

By Web DeskFirst Published May 10, 2017, 9:18 AM IST
Highlights

ദില്ലി: ജിയോ തരംഗം ഭാരതി എയര്‍ടെല്‍ മുങ്ങിപ്പോകുന്നതായി റിപ്പോര്‍ട്ട്. ജിയോയുമായുള്ള നിരക്ക് യുദ്ധത്തില്‍ ഏറെ പിന്നിലായി പോയ ഭാരതി എയര്‍ടെല്ലിന് സാമ്പത്തിക പാദത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ അറ്റാദായത്തില്‍ 72 ശതമാനത്തോളം ഇടിവാണ് വന്നിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നമ്പര്‍വണ്‍ സ്ഥാനത്ത് നിന്നിരുന്ന അവര്‍ക്ക് ജിയോയുടെ കടന്നുവരവ് മത്സരരംഗത്ത് കാര്യമായ മുറിവുണ്ടാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് അവസാനം വരെ വോയ്‌സ് സൗജന്യവും സീമാതീത ഡേറ്റാ വാഗ്ദാനവുമായി കഴിഞ്ഞ സെപ്തംബറില്‍ അവതരിച്ച ജിയോ അതിശക്തമായ പ്രതിഫലനം എയര്‍ടെല്ലിന്‍റെ ബിസിനസിലും ലാഭത്തിലും ഉണ്ടാക്കി. 2016-17 ജനുവരി-മാര്‍ച്ച് കാലത്ത് എയര്‍ടെല്ലിന്റെ അറ്റാദായം 373 കോടിയായിരുന്നു. 2015-16 ലെ ഇതേ കാലത്ത് 1,319 കോടിയായിരുന്നു നേട്ടം. 

ഒക്‌ടോബര്‍ -ഡിസംബര്‍ പാദത്തില്‍ കമ്പനിക്ക് വന്നത് 55 ശതമാനം ഇടിവായിരുന്നു. ഓരോ ഉപയോക്താവില്‍ നിന്നും കിട്ടിയിരുന്ന നിരക്കിനും വ്യത്യാസം വന്നു. 2016-17 കാലത്തെ ആദ്യ പാദത്തില്‍ അത് 196 രൂപ എന്നതായിരുന്നെങ്കില്‍ അവസാന പാദത്തില്‍ ഉപയോക്താവ് ഒന്നില്‍ നിന്നും 158 ലേക്ക് കുറഞ്ഞുപോയി.

ടെലികോം സേവന മേഖലയില്‍ നിറംകെട്ടുപോയ റിലയന്‍സിന് ജിയോ പുതുജീവന്‍ നല്‍കുകയായിരുന്നു. 2016 സെപ്തംബര്‍ 5 ന് ജിയോയുമായി പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം റിലയന്‍സിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2017 മാര്‍ച്ച് 31 വരെയുള്ള കാലാവധിയില്‍ അവര്‍ക്ക് ഉടനീളം ശക്തമായ ഉപഭോക്തൃവൃന്ദമാണ് ഉണ്ടായിട്ടുള്ളത്. 

ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണം 108.9 ദശലക്ഷമായിട്ടുണ്ട്. അതേസമയം എയര്‍ടെല്ലിന് മാത്രമല്ല പരിക്ക് പറ്റിയത്. മുന്‍  നിരയില്‍ ഉണ്ടായിരുന്ന വൊഡാഫോണിനും ഐഡിയയ്ക്കുമെല്ലാം സാരമായി പ്രതിസന്ധിയുണ്ടായി.

click me!