ജാക്ക് മാ പഠിക്കാന്‍ വേണ്ടി ആലിബാബയില്‍ നിന്നും വിരമിക്കുന്നു

By Web TeamFirst Published Sep 9, 2018, 5:08 PM IST
Highlights

ഒരു ഇംഗ്ലീഷ് ടീച്ചറായ മാ 1999 ലാണ് ലോകത്തെ ഏറ്റവും പ്രമുഖമായ ഇ കൊമേഴ്‌സ്, ഡിജിറ്റല്‍ പേമെന്റ കമ്പനിയായ ആലിബാബ തുടങ്ങിയത്

ഹോങ്കോംഗ് : ആലിബാബയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനും സഹ സ്ഥാപകനുമായ  ജാക്ക് മാ കമ്പനിയില്‍ നിന്നും താല്‍കാലികമായെങ്കിലും വിടവാങ്ങുന്നു. ചൈനയിലെ ഏറ്റവും വലിയ പണക്കാരനായ ജാക്ക് മാ 420 ബില്യണ്‍ ഡോളര്‍ സ്വത്ത്മൂല്യമുള്ള ആലിബാബ കമ്പനി വിടുന്നത് പഠിക്കാനാണ്. സമയവും സമ്പാദ്യവും വിദ്യാഭ്യാസം ലക്ഷ്യമിട്ട് ഉപയോഗിക്കാനാണ് മായുടെ തീരുമാനം.

ഒരു ഇംഗ്ലീഷ് ടീച്ചറായ മാ 1999 ലാണ് ലോകത്തെ ഏറ്റവും പ്രമുഖമായ ഇ കൊമേഴ്‌സ്, ഡിജിറ്റല്‍ പേമെന്റ കമ്പനിയായ ആലിബാബ തുടങ്ങിയത്. സാധനങ്ങള്‍ വാങ്ങാനും പണമിടപാട് നടത്താനുമുള്ള ഈ ഇന്റര്‍നെറ്റ് സ്ഥാപനത്തെ ചൈനാക്കാര്‍ ഏറ്റെടുത്തതോടെ ഇതിന്‍റെ അറ്റാദായം 40 ബില്യണ്‍ ഡോളറിന് മുകളിലേക്ക് കടക്കുകയും ചൈനയിലെ ഏറ്റവും വലിയ പണക്കാരനായി ജാക്ക് മാ മാറുകയുമായിരുന്നു. 

ചൈനയില്‍ അദ്ധ്യാപകദിനമായി വിലയിരുത്തപ്പെടുന്ന തിങ്കളാഴ്ച മായ്ക്ക് 54 വയസ്സ് തികയും. വിരമിക്കുമെങ്കിലും ആലിബാബയുടെ ഡയറക്ടര്‍മാരില്‍ ഒരാളായും മാനേജ്‌മെന്റിന്‍റെ ഉപദേശകരില്‍ ഒരാള്‍ എന്ന നിലയിലും മായുണ്ടാകും. മറ്റ് എക്‌സിക്യുട്ടീവുകള്‍ക്ക് അധികാര കൈമാറ്റം നടത്തിയാണ് മാ പടിയിറങ്ങുന്നത്. 

2013 ല്‍ മാ ആലിബാബയുടെ ചീഫ് എക്‌സിക്യുട്ടീവ് പദവി ഉപേക്ഷിച്ചിരുന്നു. അതേസമയം ആലിബാബായുടെ 6.4 ശതമാനം ഓഹരി മായുടെ പേരിലാണ്. കിഴക്കന്‍ ഷെജിയാംഗ് പ്രവിശ്യയിലെ ഹാങ്ഷൂ അപ്പാര്‍ട്ട്‌മെന്‍റില്‍ തന്റെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മറ്റു 17 പേര്‍ക്കൊപ്പമായിരുന്നു മാ ആലിബാബ തുടങ്ങിയത്. 

ഇ കൊമേഴ്‌സ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, ക്‌ളൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റല്‍ മീഡിയാ, എന്റര്‍ടെയ്ന്‍മെന്റ്, സ്‌ളാക്ക് പോലെയുള്ള ഒരു കോര്‍പ്പറേറ്റ് മെസേജിംഗ് സര്‍വീസ് എന്നിവയെല്ലാമായി കുതിച്ചുയര്‍ന്നിരിക്കുന്ന കമ്പനി ചൈനയിലെ മാധ്യമ സ്വത്തുക്കളില്‍ സിംഗഹഭാഗവും കയ്യടക്കിയിരിക്കുകയാണ്. ചൈനാക്കാരുടെ സ്വന്തം സാമൂഹ്യ മാധ്യമമായ വെയ്‌ബോ, ഹോങ്കോംഗില്‍ ഏറെ പ്രചാരമുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള പത്രം ദി സൗത്ത് ചൈനാ മോണിംഗ് എല്ലാം ഇതില്‍ പെടുന്നു.

click me!