
ദില്ലി: ഇന്ത്യയില്‍ അതിവേഗം വളരുന്ന ക്വിക്ക്-കോമേഴ്‌സ് മേഖലയിൽ മത്സരം കൂടുതല്‍ കടുക്കുന്നു. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ ആമസോൺ നൗ എന്ന 10 മിനിറ്റ് ഡെലിവറി സേവനം വലിയ തോതിൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ പരിമിതമായ ചില നഗരങ്ങളിൽ മാത്രമായി ലഭ്യമായിരുന്ന ഈ സേവനം ഉടൻ തന്നെ രാജ്യത്തെ 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഓരോ പ്രദേശത്തും പ്രത്യേകമായി സ്ഥാപിക്കുന്ന മൈക്രോ-ഫുൾഫിൽമെന്‍റ് സെന്‍ററുകള്‍ (MFCs) വഴിയാണ് ആമസോൺ നൗ പ്രവർത്തിക്കുന്നത്. ഈ ചെറിയ ഗോഡൗണുകൾ ഉപഭോക്താക്കളുടെ അടുത്തായി സ്ഥിതി ചെയ്യുന്നു. അതിനാൽ ഓർഡർ നൽകിയതിനു പിന്നാലെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സാധനങ്ങൾ എത്തിക്കാൻ കഴിയുന്നു. ഭക്ഷ്യവസ്‍തുക്കൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ചെറിയ ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ ഈ സേവനത്തിലൂടെ ലഭ്യമാണ്.
ഈ വിപുലീകരണ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഏകദേശം 1,000 മൈക്രോ-ഫുൾഫിൽമെന്‍റ് സെന്‍ററുകൾ സ്ഥാപിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ഇതിലൂടെ 16,000-ത്തിൽ അധികം കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള അവസരം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പ്ലാറ്റ്‌ഫോമിലെ വിൽപ്പനക്കാരുടെ സഹായത്തോടെ കർഷകർക്ക് വിപണി വ്യാപിപ്പിക്കാനും ഇതുവഴി സാധിക്കും.
പുതിയ സേവനം കൊച്ചി, പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്‌പൂർ, ലക്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും വ്യാപിക്കും. ഈ നഗരങ്ങളിലെ ഉപഭോക്താക്കൾ ആമസോൺ ആപ്പിൽ നൗ ഐക്കൺ പരിശോധിച്ച് സേവനം അവരുടെ പ്രദേശത്ത് ലഭ്യമാണോ എന്ന് അറിയാൻ കഴിയും. നിലവിൽ മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു എന്നിവിടങ്ങളിൽ ഈ സേവനം വിജയകരമായി പ്രവർത്തിച്ചു വരുന്നു.
2,800 കോടിയിൽ അധികം നിക്ഷേപത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം നടപ്പാക്കുന്നത്. പ്രവർത്തന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അമസോൺ അറിയിച്ചു. കഴിഞ്ഞ വർഷം മുംബൈയും ബെംഗളൂരുമായിരുന്നു ആമസോൺ നൌ ആരംഭിച്ച നഗരങ്ങൾ. പുതിയ നീക്കത്തോടെ സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, ബ്ലിങ്കിറ്റ്, ഫ്ലിപ്‍കാർട്ട് മിനുട്‍സ്, ബിബി നൗ തുടങ്ങിയ പ്രമുഖ കമ്പനികളുമായി നേരിട്ടുള്ള മത്സരത്തിൽ ആമസോൺ കൂടുതൽ ശക്തമായി രംഗത്തെത്തുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam