മകനെയും മരുമകളെയും സൈബര്‍ തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റില്‍ വച്ചു, ഒടുവില്‍ പൊളിച്ചടുക്കി 81കാരന്‍

Published : Apr 26, 2026, 03:46 PM IST
Cyber-Fraud

Synopsis

പൂനെയിൽ, മുംബൈ പൊലീസെന്ന വ്യാജേനയെത്തിയ സൈബർ തട്ടിപ്പുകാർ ഒരു ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിലാക്കി പണം തട്ടാൻ ശ്രമിച്ചു. എന്നാൽ, 81-കാരനായ പിതാവിന്‍റെ സമയോചിതമായ ഇടപെടൽ ഈ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തുകയും കുടുംബത്തെ രക്ഷിക്കുകയും ചെയ്തു. 

പൂനെ: മഹാരാഷ്‌ട്രയിലെ പൂനെയിലുണ്ടായ ഒരു സൈബർ തട്ടിപ്പ് ശ്രമവും 81-കാരന്‍റെ ചെറുത്തുനില്‍പ്പും വലിയ ശ്രദ്ധയാകര്‍ഷിക്കുന്നു. 81 വയസുള്ള ഒരു വയോധികൻ തന്‍റെ ധൈര്യവും വിവേകവും കൊണ്ട് മകനെയും മരുമകളെയും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയിലും സൈബര്‍ സുരക്ഷാ രംഗത്തും വലിയ ചർച്ചയായിരിക്കുകയാണ്.

ഡിജിറ്റല്‍ അറസ്റ്റ് ശ്രമം നടന്നത് ഇങ്ങനെ

ഈ വയോധികന്‍റെ കെമിക്കൽ എഞ്ചിനീയറായ മകന് ഏപ്രിൽ 19-ന് രാവിലെ ഏകദേശം 11 മണിയോടെ വാട്‌സ്ആപ്പ് വഴി ഒരു അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ ലഭിച്ചു. കോൾ ചെയ്ത വ്യക്തി മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി. എന്നാൽ പിന്നീട് ഇത് സൈബർ തട്ടിപ്പാണെന്ന് സംശയമുയരുകയായിരുന്നു. മകന്‍റെ പേരിൽ ഒരു സംശയാസ്പദമായ പാർസൽ പിടിച്ചെടുത്തതായി കോള്‍ ചെയ്‌തയാള്‍ അവകാശപ്പെട്ടു. പിടിച്ചെടുത്ത പാഴ്‌സലില്‍ അഞ്ച് പാസ്‌പോർട്ടുകളും മയക്കുമരുന്നുകളും ഉണ്ടെന്ന് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. ഈ ആരോപണം മകൻ ശക്തമായി നിഷേധിച്ചെങ്കിലും, തട്ടിപ്പുകാർ ഭീഷണിയും സമ്മർദ്ദവും തുടർന്നു. തുടർന്ന് “ഉയർന്ന തല അന്വേഷണത്തിന്” വിധേയനാകേണ്ടി വരുമെന്ന് അറിയിച്ചു.

അടുത്ത ഘട്ടത്തിൽ, തട്ടിപ്പുകാർ ദമ്പതികളെ സിഗ്നൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കുകയും വീഡിയോ കോളിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് യൂണിഫോം ധരിച്ച ഒരാള്‍ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടു. ദമ്പതികളെ ഡിജിറ്റല്‍ അറസ്റ്റില്‍ വച്ച ഇയാള്‍ വിവരം ആരോടും പറയരുതെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. രാത്രിവരെ നീണ്ട ചോദ്യം ചെയ്യലിനിടെ, തട്ടിപ്പുകാർ ആധാർ കാർഡ് വിവരങ്ങളും ബാങ്ക് വിവരങ്ങളും ആവശ്യപ്പെട്ടു. 12 ലക്ഷം രൂപ കൈമാറിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞു. ഈ സമയത്ത് മകൻ വളരെ ആശങ്കയിലായിരുന്നത് ശ്രദ്ധിച്ച 81-കാരനായ അച്ഛൻ കാര്യം അന്വേഷിച്ചു. തുടർന്ന് തട്ടിപ്പിന്‍റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ് ഉടൻ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഡിജിറ്റല്‍ അറസ്റ്റ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുപോലുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊലീസ് ഒരിക്കലും ഡിജിറ്റൽ മാർഗം വഴി അറസ്റ്റ് നടത്തില്ലെന്നും, സംശയാസ്പദമായ കോൾ ലഭിച്ചാൽ ഉടൻ വിച്ഛേദിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

1. പരിഭ്രാന്തരാകരുത്; കോൾ വിച്ഛേദിക്കുക: ആരെങ്കിലും നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നോ തടവിലാക്കുമെന്നോ ഭീഷണിപ്പെടുത്തിയാൽ, ഉടൻ തന്നെ കോൾ വിച്ഛേദിക്കുക.

2. അപരിചിതർക്ക് പണം അയയ്ക്കരുത്: ഒരു "ഡിജിറ്റൽ അറസ്റ്റ്" സാഹചര്യത്തിൽ വിളിക്കുന്നയാൾ നിങ്ങളോട് പണം കൈമാറാൻ ആവശ്യപ്പെട്ടാൽ അതീവ ജാഗ്രത പാലിക്കുക.

3. വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്: പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും വിളിക്കുകയും കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയും അല്ലെങ്കിൽ സമാനമായ അധികാരിയാണെന്ന് അവകാശപ്പെടുകയും ചെയ്താൽ, ജാഗ്രത പാലിക്കുക; നിങ്ങളുടെ ബാങ്ക് വിവരങ്ങൾ, ആധാർ വിവരങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത വിവരങ്ങൾ എന്നിവ ആരുമായും പങ്കിടരുത്.

4. ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തുക: പൊലീസിനെയോ സിബിഐയെയോ മറ്റ് ഏജൻസികളെയോ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ആരെങ്കിലും നിങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, ഈ നിർണായക വസ്തുത ഓർമ്മിക്കുക- പൊലീസ് ഒരിക്കലും ഡിജിറ്റൽ മാർഗങ്ങളിലൂടെ അറസ്റ്റ് നടത്തുന്നില്ല. അത്തരം സന്ദർഭങ്ങളിൽ, ഉടൻ തന്നെ കോൾ വിച്ഛേദിച്ച് നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുക.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഞ്ചിനീയര്‍മാരുടെ ജോലി പോകുമോ? ഗൂഗിളില്‍ കോഡിന്‍റെ 75 ശതമാനവും എഐ എഴുതുന്നു
രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ