
കാലിഫോര്‍ണിയ: സിലിക്കൺ വാലിയിലെ ടെക് ലോകത്തെ വലിയ മാറ്റത്തിന്‍റെ സൂചനയായി ഗൂഗിൾ പുറത്തിറക്കിയ പുതിയ വിവരങ്ങൾ ശ്രദ്ധേയമാകുന്നു. കമ്പനിയിൽ സൃഷ്‍ടിക്കുന്ന പുതിയ കോഡിന്റെ 75 ശതമാനവും ഇപ്പോൾ എഐ സിസ്റ്റങ്ങളാണ് നിർമ്മിക്കുന്നതെന്ന് സിഇഒ സുന്ദർ പിച്ചൈ വെളിപ്പെടുത്തി. സോഫ്റ്റ്‌വെയർ വികസനത്തിന്‍റെ സ്വഭാവം തന്നെ മാറുന്നു എന്നതിന് ഇത് തെളിവായി കണക്കാക്കപ്പെടുന്നു.
മുമ്പ് ഡെവലപ്പർമാരുടെ ടീമുകൾ ഓരോ കോഡ് വരിയും എഴുതി പരിശോധിക്കേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ, എഐ ഉപകരണങ്ങൾ സ്വയം കോഡ് സൃഷ്‍ടിക്കുകയും, മനുഷ്യ എഞ്ചിനീയർമാർ അത് പരിശോധിച്ച് അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് മാറ്റം. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഗൂഗിളിലെ കോഡിന്റെ ഏകദേശം 50 ശതമാനം മാത്രമേ എഐ സൃഷ്‍ടിച്ചിരുന്നുള്ളൂ. എന്നാൽ അതിവേഗ വളർച്ചയോടെ ഇത് 75 ശതമാനമായി ഉയർന്നിരിക്കുന്നു.
ഇതോടെ എഞ്ചിനീയർമാരുടെ ജോലിയിലും വലിയ മാറ്റമാണ് സംഭവിച്ചത്. കോഡ് നേരിട്ട് എഴുതുന്നതിനുപകരം അവർ ഇപ്പോൾ എഐ ഏജന്‍റുകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു. ഈ ഏജന്‍റുകൾ ഒരേസമയം വിവിധ ജോലികൾ നിർവഹിക്കുമ്പോൾ, എഞ്ചിനീയർമാർ മേൽനോട്ടം വഹിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. മനുഷ്യ നിയന്ത്രണം നിലനിർത്തിക്കൊണ്ട് കൂടുതൽ വേഗത്തിൽ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നു. ഒരു സങ്കീർണ്ണ കോഡ് മാറ്റം സംബന്ധിച്ച പ്രോജക്റ്റ് എഐയുടെ സഹായത്തോടെ ആറിരട്ടി വേഗത്തിൽ പൂർത്തിയാക്കിയതായി ഗൂഗിള്‍ വ്യക്തമാക്കുന്നു. കൂടാതെ, കമ്പനിയുടെ ജെമിനി ആപ്പ് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രോട്ടോടൈപ്പ് രൂപത്തിലേക്ക് വികസിപ്പിച്ചതും എഐയുടെ കഴിവ് വ്യക്തമാക്കുന്നു.
അതേസമയം, ഈ പുരോഗതി തൊഴിൽ മേഖലയിൽ ആശങ്കകൾക്കും വഴിവെക്കുന്നു. ഗൂഗിളിന്‍റെ മുൻ ഉദ്യോഗസ്ഥനായ മോ ഗൗഡറ്റ് അഭിപ്രായപ്പെടുന്നതനുസരിച്ച്, എഐയുടെ വളർച്ച മൂലം വലിയ ഡെവലപ്പർ ടീമുകളുടെ ആവശ്യം കുറയാൻ സാധ്യതയുണ്ട്. ഇതിനൊപ്പം, മെറ്റ കമ്പനി സിഇഒ മാർക്ക് സക്കർബർഗിന്‍റെ എഐ അവതാർ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളും ചർച്ചയാകുന്നു. ഭാവിയിൽ വികസിത സംവിധാനങ്ങൾ എങ്ങനെ പെരുമാറുമെന്ന് എഐ ഗവേഷകനായ ജെഫ്രി ഹിന്‍റൺ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എഐ സിസ്റ്റങ്ങൾ ഭാവിയിൽ മനുഷ്യർക്കു പൂർണമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുന്ന രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാങ്കേതിക വളർച്ചയുടെ ഈ പുതിയ അധ്യായം അവസരങ്ങളും ആശങ്കകളും ഒരുപോലെ ഉയർത്തുന്നുവെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam