പ്രതീക്ഷിച്ച വളര്‍ച്ചയില്ലാതെ ആൻഡ്രോയിഡ് 7.0 ന്യൂഗ

By Web DeskFirst Published Feb 12, 2017, 3:00 AM IST
Highlights

സിലിക്കൺവാലി: ആൻഡ്രോയിഡ് 7.0 ന്യൂഗ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിൻറെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കു ലഭിച്ച സ്വീകാര്യത പുതിയ ഒഎസിനു ലഭിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 2015ൽ ആൻഡ്രോയിഡ് 6.0 മാഷ്മാലോ പുറത്തിറക്കിയപ്പോൾ ഒരു വർഷംകൊണ്ട് 18.7 ശതമാനം ഫോണുകളിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നു. 

എന്നാല്‍ ഈ ലക്ഷ്യം ആന്‍ഡ്രോയ്ഡ് ഏഴാം പതിപ്പിന് ഏറെ അകലത്തിലാണ്.  മാഷ്മെലോ പിന്‍വലിക്കപ്പെടുന്ന അവസ്ഥയില്‍ മാത്രമാണ് ന്യൂഗയുടെ ഉപയോഗം കൂടിയിട്ടുള്ളത്. നിരവധി പുതിയ ഫീച്ചറുകളുമായാണ് ന്യൂഗ എത്തിയത്. ബഗ് ഫിക്സിംഗ്, ക്വിക് സെറ്റിംഗ് കൺട്രോൾ, നിലവാരമുള്ള ബാറ്ററി സേവർ മോഡ്, സെക്യൂരിറ്റി അപ്ഡേറ്റ്സ്, എഴുപതിലധികം പുതിയ ഇമോജികൾ തുടങ്ങിയവയ്ക്കൊപ്പം മൾട്ടി വിൻഡോ സപ്പോർട്ടാണ് മികച്ച് നിൽക്കുന്നത്.

ഇപ്പോൾ ലോകത്താകമാനം ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ 1.2 ശതമാനം ഓഹരി 2016ൽ പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് 7.0 ന്യൂഗ കൈയാളുമ്പോൾ 2015ൽ പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് 6.0 മാഷ്മാലോ 30.7 ശതമാനം പേർ ഉപയോഗിക്കുന്നുണ്ട്. ആൻഡ്രോയ്ഡ് 5.0 ലോലിപോപ് ഉപയോഗിക്കുന്നവർ 32.9 ശതമാനം പേരാണ്.

പഴയ വേർഷനുകളായ ആൻഡ്രോയ്ഡ് 4.0 ഐസ് ക്രീം സാൻഡ്വിച്ചും ആൻഡ്രോയിഡ് 2.3 ജിഞ്ചർ ബ്രഡും ഇപ്പോഴും ഉപയോഗത്തിലുണ്ട്. എന്നാൽ, ഒരു ശതമാനത്തിൽ താഴെയാണെന്നു മാത്രം. 
 

click me!