
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി ആന്ത്രോപിക് പുറത്തിറക്കിയ പുതിയ ഫീച്ചറായ 'ഓട്ടോ മോഡ്' ഫീച്ചർ ടെക് ലോകത്ത് വലിയ ചര്‍ച്ചയാകുന്നു. കോഡ് എഴുതുന്നതിനും മറ്റു പ്രോഗ്രാമിംഗ് ജോലികൾക്കും ഉപയോഗിക്കുന്ന ക്ലോഡ് കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കളുടെ ഇടപെടൽ കുറയ്ക്കുകയും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മുന്‍പ് ക്ലോഡ് കോഡ് ഉപയോഗിക്കുമ്പോള്‍, ഓരോ നടപടിക്കും ഉപയോക്താവിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ 'ഡേഞ്ചറസ്‌ലി-സ്‍കിപ്പ്-പെർമിഷൻസ്' എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ, എഐയ്ക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിലും, ഫയലുകൾ ഇല്ലാതാക്കൽ പോലുള്ള അപകടസാധ്യതകൾ ഉണ്ടായിരുന്നു. ഈ പ്രശ്‍നത്തിന് പരിഹാരമായിട്ടാണ് ഇപ്പോൾ 'ഓട്ടോ മോഡ്' അവതരിപ്പിച്ചിരിക്കുന്നത്.
എഐയുടെ അപകടസാധ്യതാ വിലയിരുത്തൽ സംവിധാനമാണ് ഓട്ടോ മോഡിന്‍റെ പ്രധാന സവിശേഷത. ഒരു പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ്, എഐ ഒരു ക്ലാസിഫയർ ഉപയോഗിച്ച് അതിന്‍റെ അപകടസാധ്യത വിലയിരുത്തും. അപകടസാധ്യത കുറഞ്ഞ പ്രവൃത്തികൾ ഓട്ടോമാറ്റിക്കായി നടത്തപ്പെടും. എന്നാൽ അപകട സാധ്യതയുള്ളതായി കണ്ടെത്തുന്ന പ്രവൃത്തികൾ തടയുകയോ ഉപയോക്താവിന്‍റെ അനുമതി തേടുകയോ ചെയ്യും. ഫയലുകളുടെ വൻതോതിലുള്ള ഇല്ലാതാക്കൽ, രഹസ്യവിവരങ്ങൾ പുറത്ത് വിടൽ, അല്ലെങ്കിൽ ദോഷകരമായ കോഡ് പ്രവർത്തിപ്പിക്കൽ പോലുള്ള പ്രവർത്തനങ്ങൾ ഇതിലൂടെ നിയന്ത്രിക്കപ്പെടും.
ഇതുവഴി ഉപയോക്താക്കൾക്ക് സുരക്ഷയും സൗകര്യവും ഒരേസമയം ഉറപ്പാക്കാനാകുന്നു. സാധാരണ ജോലികൾക്ക് ഇടയിൽ ഇടപെടൽ ആവശ്യമില്ലാതാകുമ്പോൾ, പ്രധാനവും സങ്കീർണ്ണവുമായ പ്രവൃത്തികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. ഇപ്പോൾ ഈ ഫീച്ചർ ക്ലോഡ് ടീം ഉപയോക്താക്കൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാണ്. ഭാവിയിൽ എന്‍റർപ്രൈസ് ഉപഭോക്താക്കൾക്കും എപിഐ ഉപയോക്താക്കൾക്കും ഇത് ലഭ്യമാക്കും. ക്ലോഡ് സോണറ്റ് 4.6, ഒപസ് 4.6 മോഡലുകൾക്ക് ഇത് പിന്തുണ നൽകുന്നു. എന്നാൽ, ഈ സംവിധാനം പൂർണ്ണ സുരക്ഷ ഉറപ്പാക്കില്ല എന്നാണ് ആന്ത്രോപിക് വ്യക്തമാക്കുന്നത്. ചിലപ്പോൾ സുരക്ഷിതമായ പ്രവൃത്തികൾ തടയപ്പെടാനും അപകടസാധ്യതയുള്ളവ അനുവദിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാൽ സാൻഡ്ബോക്സ് പോലുള്ള നിയന്ത്രിത സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കമ്പനി ഉപദേശിക്കുന്നു.
എന്തായാലും എഐ ഉപകരണങ്ങൾ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്ന പുതിയ കാലഘട്ടത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ് ഓട്ടോ മോഡ്. ഇത് സാങ്കേതിക രംഗത്ത് ഭാവിയിൽ കൂടുതൽ സ്വയം നിയന്ത്രിത ശേഷിയുള്ള എഐ സംവിധാനങ്ങൾക്ക് വഴി തെളിയുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam